
അമൃത്‌സർ: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലെയുടെ കൊലപാതകത്തെത്തുടർന്ന് 424 വി ഐ പികളുടെ സുരക്ഷ പുനസ്ഥാപിക്കാനൊരുങ്ങി പഞ്ചാബ് സംസ്ഥാന സർക്കാർ. ഈ മാസം ഏഴ് മുതലാണ് സുരക്ഷ പുനസ്ഥാപിക്കുന്നത്.
സിദ്ദു മൂസെവാല ഉൾപ്പെടെയുള്ള പ്രമുഖർക്ക് നൽകി വന്ന സുരക്ഷ കുറച്ചതിന്റെ തൊട്ടു പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. സുരക്ഷ പിൻവലിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാക്കിയുള്ളവരുടെ സുരക്ഷ പുനസ്ഥാപിക്കാൻ ഭഗവന്ത് മാൻ സർക്കാർ തീരുമാനിച്ചത്.
സുരക്ഷ പിൻവലിക്കൽ പട്ടിക ചോർന്ന സംഭവത്തിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതിയും സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു. വി ഐ പികളുടെ സുരക്ഷ പരിമിതകാലത്തേക്ക് മാത്രമാണ് പിൻവലിച്ചതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ സാഹചര്യങ്ങൾ ശരിയായി അവലോകനം ചെയ്തത ശേഷം മാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പാടുള്ളു എന്ന് കോടതി വ്യക്തമാക്കി.
മേയ് 28 നാണ് സിദ്ദു മൂസെവാലെ ഉൾപ്പെടെയുള്ള 400ലധികം വി വി ഐ പി കളുടെ സുരക്ഷ സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചത്. സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിന് അധിക ഉദ്യാഗസ്ഥരെ ആവശ്യമാണെന്ന് പറഞ്ഞാണ് സുരക്ഷാ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനു പിന്നാലെ പിറ്റേന്ന് സിദ്ദു വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.
അതേസമയം സിദ്ദു കേസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ പറഞ്ഞു. ഗായകന്റെ പൊലീസ് സുരക്ഷ വെട്ടിക്കുറച്ചതിനെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു. എന്നാൽ സി.ബി.ഐയോ, എൻ.ഐ.എയോ കേസന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിദ്ദുവിന്റെ പിതാവ് ബൽക്കൗർ സിംഗ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് എടുക്കാതെ പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കില്ലെന്ന് കുടുംബം വാശിപിടിച്ചിരുന്നു. ജില്ലാഭരണകൂടം ഇടപെട്ടാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്.