santhoor

ശ്രീനഗർ: പ്രശസ്ത സന്തൂർ കലാകാരൻ പണ്ഡിറ്റ് ഭജൻ സോപോരി (73) അന്തരിച്ചു. അർബുദബാധിതനായ അദ്ദേഹം ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ അഭയ് സോപോരിയാണ് മരണവിവരം പുറത്ത് വിട്ടത്.

' സെയിന്റ് ഒഫ് സന്തൂർ, കിംഗ് ഒഫ് സ്ട്രിംഗ്സ്' എന്നറിയപ്പെട്ടിരുന്ന ഭജൻ സോപോരി, സംഗീതസംവിധായകനും അദ്ധ്യാപകനും എഴുത്തുകാരനും കവിയുമായിരുന്നു. ജമ്മുകാശ്മീരിനെ മറ്റു സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ചിരുന്ന സാംസ്‌കാരിക പാലമെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ശ്രീനഗറിലെ 'സുഫിയാന ഘരാന' എന്ന സംഗീത കുടുംബത്തിലാണ് ജനനം.

സൂഫിയാന ഖലാമിനെയും ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തെയും അടിസ്ഥാനമാക്കി 'സൂഫി ബാജ്' എന്നറിയപ്പെടുന്ന ശൈലി വികസിപ്പിച്ച മഹാനായ പണ്ഡിറ്റ് ശങ്കർ പണ്ഡിറ്റിന്റെ കൊച്ചുമകനാണ്. ജമ്മുകാശ്മീരിലെ സംഗീതത്തിന്റെ പിതാവെന്നറിയപ്പെടുന്ന പണ്ഡിറ്റ് ശംബൂ നാഥ് സോപോരിയുടെ മകനാണ്.

രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ഇതുകൂടാതെ സംഗീത നാടക അക്കാദമി അവാർഡ്, ജമ്മു കാശ്മീർ സർക്കാരിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, കേരള സർക്കാരിന്റെ സ്വാതി തിരുനാൾ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.