
നാവിൽ നിന്ന് വീണു പോയ വാക്കുകൾ തിരിച്ചെടുക്കാൻ പറ്റില്ലെന്ന് ഒരു പഴമൊഴിയുണ്ട്. അതിന്റെ ന്യൂ ജൻ പതിപ്പായിരുന്നു ഫോണിൽ നിന്ന് പോയ മെസേജുകൾ തിരിച്ചെടുക്കാൻ പറ്റില്ലെന്നുള്ളത്. എന്നാൽ പല ആപ്പുകളും അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാൻ സംവിധാനമൊരുക്കിയതോടെ ഈ ന്യൂ ജൻ പഴഞ്ചൊല്ല് കാലഹരണപ്പെട്ടുപോയി (യഥാർത്ഥ പഴഞ്ചൊല്ലിന് ഒരു വ്യത്യാസവും വന്നിട്ടില്ല).
എന്നാൽ പല ആപ്പുകളിലും അയച്ച സന്ദേശങ്ങൾ തിരിച്ചെടുത്താൽ അത് തിരിച്ചെടുത്തു, അല്ലെങ്കിൽ ഡിലീറ്റ് ചെയ്തു എന്ന് സ്ക്രീനിൽ കാണിക്കും. വാട്സാപ്പിൽ ആണെങ്കിൽ യു ഡിലീറ്റഡ് ദിസ് മെസേജ് എന്നും, ഫേസ്ബുക്ക് മെസെഞ്ചറിൽ യു അൺസെന്റ് എ മെസേജ് എന്നും ചാറ്റ് ബോക്സിൽ തെളിയും. ഇത് കാണുമ്പോൾ തന്നെ മറുവശത്തുള്ള ആളിന് എന്താണ് ഡിലീറ്റ് ചെയ്തത് എന്നറിയാനുള്ള ആകാംക്ഷയുണ്ടാകും. ഇത് പലപ്പോഴും പ്രശ്നങ്ങളിലേക്ക് വഴി വച്ചേക്കാവുന്നതാണ്.
മലയാളം ടൈപ്പിംഗിൽ ഓട്ടോ കറക്ടിനാൽ വരുന്ന പ്രശ്നങ്ങളും ചെറുതല്ല. വാട്സാപ്പിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ കാണാൻ പല വഴികളുമുണ്ട്. അതിനാൽ തന്നെ അദ്ധ്യാപകർ, മേലുദ്യോഗസ്ഥർ തുടങ്ങിയവർക്കൊക്കെ മലയാളത്തിൽ സന്ദേശങ്ങൾ അയക്കുമ്പോൾ ഒറ്റ വാക്ക് മാറിപ്പോയാൽ മതി ചിലപ്പോൾ ജീവിതം തന്നെ മാറി മറിഞ്ഞേക്കാം. വളരെ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വരെ ഇത് വഴി വച്ചേക്കാം. നിലവിൽ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ സമയപരിധി ഉണ്ടെന്നിരിക്കെ, ആ സമയം കഴിഞ്ഞാണ് ഇത്തരമൊരു തെറ്റ് നമ്മുടെ കണ്ണിൽ പെടുന്നതെങ്കിൽ പിന്നെ പറയേണ്ട. എന്നാൽ അങ്ങനെയൊരു പ്രശ്നം ഇനിയുണ്ടാകില്ല.
അയച്ച സന്ദേശം എഡിറ്റ് ചെയ്യാനുള്ള അവസരമൊരുക്കുകയാണ് വാട്സാപ്പ്. മറ്റൊരാൾക്ക് അയച്ച സന്ദേശത്തിൽ എന്തെങ്കിലും പിശക് സംഭവിച്ചാലോ, അർത്ഥം മാറിപ്പോയാലോ, എന്തെങ്കിലും മോശമായി പറഞ്ഞുപോയാലോ അത് ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കേണ്ട അവസ്ഥ വരില്ല. അയച്ച അതേ സന്ദേശത്തിൽ തന്നെ എഡിറ്റ് ചെയ്ത് തിരുത്തൽ കൊണ്ടുവരാം.
ഈ ഫീച്ചർ നിലവിൽ ആൻഡ്രോയിഡിന്റെ ബീറ്റാ പതിപ്പുകളിൽ ലഭ്യമാണ്. ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ചിലർക്ക് ഇത് ലഭിച്ചതായും സൂചനയുണ്ട്. ബീറ്റാ ടെസ്റ്റിംഗ് പൂർത്തിയായാൽ എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭിക്കും. പതിവുപോലെ ഈ വാർത്തയും പുറത്തുവിട്ടിരിക്കുന്നത് വാബീറ്റാ ഇൻഫോ തന്നെയാണ്.
അതേസമയം ഒരു സന്ദേശം എത്ര തവണ എഡിറ്റ് ചെയ്യാം, എഡിറ്റ് ചെയ്യുന്നതിന് സമയപരിധി ഉണ്ടോ (അയച്ചു കഴിഞ്ഞ് എത്ര നേരം വരെ തിരുത്താം), അയച്ച വ്യക്തി എഡിറ്റ് ചെയ്തു എന്ന് സ്വീകർത്താവിന് അറിയാനാകുമോ തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല. സന്ദേശങ്ങളിൽ ലോംഗ് പ്രസ് ചെയ്യുമ്പോൾ മുകളിൽ ദൃശ്യമാകുന്ന ഇൻഫോ, കോപ്പി, ഡിലീറ്റ് തുടങ്ങിയ ഓപ്ഷനുകൾക്കൊപ്പമാകും എഡിറ്റ് ഓപ്ഷനും ഉണ്ടാവുക. ഇതിന്റെ സ്ക്രീൻഷോട്ടും വാബീറ്റ ഇൻഫോ പുറത്തുവിട്ടിട്ടുണ്ട്.
