ksrtc

കൊച്ചി: കെഎസ്ആർടിസിയിൽ സാധാരണ തൊഴിലാളികൾക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർ ശമ്പളം വാങ്ങുന്നത് വിവേചനപരമാണെന്ന് ഹൈക്കോടതി. കെഎസ്ആർടിസിയിലെ സാധാരണ തൊഴിലാളികളുടെ ദുർഗതി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും തങ്ങൾക്ക് ശമ്പളം നൽകാത്തിടത്തോളം ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെഎസ്ആർടിസി ജീവനക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് പരാമർശങ്ങൾ നടത്തിയത്.

ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം നൽകുന്ന രീതി തടയാൻ കോടതി മടിക്കില്ലെന്നും ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകേണ്ടത് കെഎസ്ആർടിസിയുടെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു. ഹർജിയിൽ മറുപടി നൽകാൻ കെഎസ്ആ‌ർടിസിയ്ക്ക് നി‌ർദ്ദേശം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.