kk

തിരുവനന്തപുരം: സ്വിറ്റ്‌സർലന്റിലെ ദാവോസിൽ നടന്ന ലോകസാമ്പത്തിക ഉച്ചകോടിയിൽ കേരളം പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്‌ചയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുത്ത് അയൽ സംസ്ഥാനങ്ങൾ ശതകോടികളുടെ നിക്ഷേപം സമാഹരിച്ചപ്പോൾ , കേരളം അതിൽ പങ്കെടുക്കാതിരുന്നത് വികസന കാര്യത്തിൽ ലക്ഷ്യബോധമില്ലെന്നതിന്റെ ഉത്തമോദാഹരണമാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ കുമ്മനം കുറ്റപ്പെടുത്തി.

കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയൽ , മൻസൂഖ് സിംഗ് മാണ്ഡവ്യ, ഹർദ്ദീപ് സിംഗ് പുരി എന്നിവർ നയിച്ച ഇന്ത്യൻ സംഘത്തിൽ കർണാടക, മഹരാഷട്ര , തമിഴ്നാട്, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ അവിടങ്ങളിലെ മന്ത്രിമാരുടെ നേതൃത്വത്തിലാണ് സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തത്. .

പങ്കെടുത്ത സംസ്ഥാനങ്ങൾക്ക് അവിശ്വസനീയമായ രീതിയിൽ നിക്ഷേപം ആർജ്ജിക്കാനായി. കർണാടകത്തിന് 60,000 കോടിയും മഹാരാഷ്ട്രക്ക് 30,000 കോടിയും രൂപയുടെ നിക്ഷേപം ലഭിച്ചു. മറ്റു സംസ്ഥാനങ്ങൾക്കും 1500 കോടി രൂപക്കു മേൽ നിക്ഷേപം ലഭിച്ചിട്ടുണ്ട്. കേരളം പ്രതീക്ഷ വച്ചു പുലർത്തുന്ന ലൈഫ് സയൻസ് - ഫാർമസ്യൂട്ടിക്കൽസ് രംഗത്താണ് തെലങ്കാന 4200 കോടിയുടെ നിക്ഷേപം നേടിയത്.

ഈ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കേണ്ട സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ച് രാജ്യത്തെ പ്രതിനിധാനം ചെയ്യുകയാണ് നടപടിക്രമം. കേന്ദ്ര സർക്കാരിനോടുള്ള നിഷേധ സമീപനമാണ് കേരളത്തിലെ തൊഴിൽ രഹിതർക്കുള്ള സുവർണാവസരം തുലച്ചതെന്ന് കുമ്മനം പറഞ്ഞു. തൊഴിലില്ലായ്മ ഏറ്റവും ഗുരുതരമായ കേരളം എന്തുകൊണ്ട് ഈ അവസരം ഉപയോഗിച്ചില്ലെന്നതിന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിശദീകരണം നൽകണം. കേരളത്തിൽ നിക്ഷേപമിറക്കിയവരെ അയൽ സംസ്ഥാനങ്ങളിലേക്ക് തല്ലി ഓടിക്കുന്നതിലാണ് സംസ്ഥാന സർക്കാരിന് വിരുത്.

പരിസ്ഥിതിയേയും പാവങ്ങളേയും ദ്രോഹിച്ച് നടപ്പാക്കാൻ ലക്ഷ്യമിട്ട കെ. റെയിലല്ലാതെ മറ്റൊരു വികസന പദ്ധതിയുമില്ലെന്നതാണ് പിണറായി സർക്കാരിന്റെ ദുരവസ്ഥ. ഇത് നാട്ടിലെ ആദ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. മദ്യവും ലോട്ടറിയും അല്ലാതെ മറ്റു വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ സാധിക്കാത്തത് സർക്കാരിന്റെ പരാജയമാണെന്നും കുമ്മനം പറഞ്ഞു.