
മസ്കറ്റ്: കൊവിഡ് വാക്സിൻ എടുക്കാത്തവർക്കും ഇനി ഒമാനിലേക്ക് യാത്ര ചെയ്യാം. അത്തരക്കാർക്കുള്ള എല്ലാ നിബന്ധനകളും ആരോഗ്യ മന്ത്രാലയം നീക്കി കൊവിഡുമായി ബന്ധപ്പെട്ട് ഒമാനിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ദിവസങ്ങൾക്ക് മുമ്പ് സുപ്രീം കമ്മിറ്റി നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനവും.
കേസുകൾ കുറയുകയും രാജ്യം പഴയ സ്ഥിതിയിലേക്ക് എത്തുകയും ചെയ്തതോടെ സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനവും നിർത്തുകയുണ്ടായി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനം നിർത്തിവെക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശിച്ചത്.
കൊവിഡുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയന്ത്രണങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റിയും നീക്കിയിരുന്നു. വാക്‌സിനേഷന്‍ സർട്ടിഫിക്കറ്റ്, പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഇ-മുഷ്‌രിഫ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ ഇൻഷ്വറൻസ് എന്നീ രേഖകളും കൊവിഡ് കാല യാത്രയ്ക്ക് അനിവാര്യമായിരുന്നു.
നിയന്ത്രണങ്ങൾ നീക്കിയതോടെ ഇനി ഇത്തരം രേഖകൾ യാത്രക്കാർ കൈവശം കരുതേണ്ടതില്ല. നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതോടെ ഒമാനിലേക്കുള്ള യാത്രകൾ ഇനി കൂടുതൽ സുഗമമാകും.