
ബാഴ്സലോണ: ഫുട്ബാൾ ലോകത്തിലെ അറിയപ്പെടുന്ന കമിതാക്കളാണ് ബാഴ്സലോണ പ്രതിരോധനിര താരം ജെറാർദ് പിക്ക്വെയും പോപ്പ് ഗായിക ഷക്കീരയും. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇരുവരും വേർപിരിയലിന്റെ വക്കിലാണ്. പിക്ക്വെയെ മറ്റൊരു പെൺകുട്ടിയുടെ ഒപ്പം ഷക്കീര പിടികൂടിയതാണ് ഇരുവരും വേർപിരിയാൻ കാരണമെന്ന് ചില സ്പാനിഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നു.
കുറച്ചുനാളുകളായി പിക്ക്വെ ബാഴ്സലോണയിലുള്ള തന്റെ അവധിക്കാല ബംഗ്ലാവിലാണ് താമസം. പിക്ക്വെയും ഷക്കീരയും അടുപ്പത്തിലായതു മുതൽ ഷക്കീരയുടെ വീട്ടിലായിരുന്നു ഇരുവരും താമസം. എന്നാൽ അടുത്തിടെയായി ബാഴ്സലോണയിലെ പിക്ക്വെയുടെ അയൽക്കാർ താരത്തെ സ്ഥിരമായി ഒഴിവുകാല ബംഗ്ളാവിൽ കാണാറുണ്ടെന്നും കൂടെനിരവധി സുഹൃത്തുക്കളുണ്ടെന്നും മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല രാത്രി വെളുക്കുവോളം മിക്ക ദിവസങ്ങളിലും ഇവിടെ പാർട്ടി നടക്കാറുണ്ടെന്നും പിക്ക്വെയുടെ സുഹൃത്തുക്കൾക്കൊപ്പം നിരവധി പെൺകുട്ടികളും ഇവിടെ ഇപ്പോൾ സ്ഥിരം സന്ദർശകരാണെന്നും അയൽവാസികൾ വെളിപ്പെടുത്തി.
ഷക്കീരയുടെ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമ പ്രൊഫൈലുകളിൽ സ്ഥിര സാന്നിദ്ധ്യമായിരുന്ന പിക്ക്വെയെകുറിച്ച് ഷക്കീര ഇപ്പോൾ ഒന്നും സമൂഹമാദ്ധ്യമങ്ങളിൽ ഇടാത്തതും ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്. പൊതുവേ സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ രണ്ടുപേരുടെയും അക്കൗണ്ടുകൾ കുറച്ചുനാളുകളായി നിശ്ചലമായി കിടക്കുന്നതും കിംവദന്തികൾക്ക് ശക്തി നൽകുന്നുണ്ട്. 2010 ലോകകപ്പ് ഫുട്ബാളിന്റെ സമയത്താണ് ഇരുവരും തമ്മിൽ അടുക്കുന്നത്. വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും ഇരുവർക്കും രണ്ട് മക്കളുണ്ട്.