
കുവൈറ്റ്: രാജ്യത്ത് ഗോതമ്പ് ലഭ്യത ഉറപ്പാക്കാൻ നയതന്ത്ര നീക്കത്തിനൊരുങ്ങി കുവൈറ്റ്. ഇതിന്റെ ഭാഗമായി കുവൈറ്റ് വാണിജ്യ മന്ത്രി ഫഹദ് അൽ ശരിയാൻ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തും.
വാണിജ്യ മന്ത്രാലയമായിരിക്കും ഗോതമ്പ് കയറ്റുമതി വിലക്കിൽ നിന്ന് രാജ്യത്തെ ഒഴിവാക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിക്കുക. കയറ്റുമതി നിരോധനത്തിൽ നിന്ന് ഇന്ത്യ ചില രാജ്യങ്ങൾക്ക് ഇളവ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കുവൈറ്റും അഭ്യർത്ഥന നടത്താൻ തീരുമാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന വാണിജ്യ വ്യാപാര ബന്ധം മുൻനിർത്തിയാകും കുവൈറ്റിന്റെ നീക്കം.
രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മന്ത്രാലയത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയുമായി ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം റേഷൻ കാർഡ് വഴി രാജ്യത്തെ പൗരന്മാർക്ക് നൽകിവരുന്ന ശീതീകരിച്ച കോഴിയിറച്ചിയുടെ അളവ് മന്ത്രാലയം വർദ്ധിപ്പിച്ചിട്ടുണ്ട്. കോഴിയിറച്ചിയുടെ വിപണിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് അളവ് വർദ്ധിപ്പിക്കാൻ രാജ്യം തീരുമാനിച്ചത്.
നിലവിൽ ഒരാൾക്ക് രണ്ട് കിലോ ചിക്കനാണ് റേഷൻ കാർഡ് വഴി ലഭിക്കുന്നത്. ഇത് മൂന്ന് കിലോ ആക്കിയാണ് ഉയർത്തിയിരിക്കുന്നത്. കുവൈറ്റിലെ പൗരന്മാർക്ക് കോഴി ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സർക്കാരിന്റെ അധിക ചെലവ് വാണിജ്യ മന്ത്രാലയമാണ് വഹിക്കുന്നത്.