ukraine

കീവ് : തന്റെ രാജ്യത്തിന്റെ ഏകദേശം 20 ശതമാനത്തോളം പ്രദേശം റഷ്യ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. ലക്സംബർഗ് പാർലമെന്റിനെ വെർച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം, കിഴക്കൻ യുക്രെയിനിലെ ലുഹാൻസ്ക് പ്രവിശ്യ പിടിച്ചെടുക്കുന്നതിലേക്ക് റഷ്യ അടുക്കുകയാണ്. ഡൊണെസ്കിലും പോരാട്ടം തുടരുന്നു. മൈക്കൊലൈവിൽ യുക്രെയിന്റെ എസ്.യു - 25 യുദ്ധവിമാനം റഷ്യ വെടിവച്ച് വീഴ്ത്തി. ലിവീവിൽ റെയിൽവേ ടണലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു.

ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ നാറ്റോ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൽറ്റൻബെർഗ് ഇന്നലെ വൈറ്റ്‌ഹൗസിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജേക്ക് സള്ളിവൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.