rss-chief-mohan-bhagawat

ന്യൂഡൽഹി: വിവാദ ഗ്യാൻവാപി കേസിൽ പ്രതികരിച്ച് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും, എന്തിനാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതെന്നും ചോദിച്ച ഭാഗവത് പ്രശ്നത്തിൽ പരസ്പര ഉടമ്പടിയിലൂടെയുള്ള പാതയാണ് വേണ്ടതെന്നും പറഞ്ഞു.

ഇതോടെ ഗ്യാൻവാപി വിഷയത്തിൽ ആർ എസ് എസ് തീവ്ര നിലപാട് സ്വീകരിക്കില്ലെന്നും അയോദ്ധ്യ ബാബറി മസ്ജിദ് മാതൃകയിൽ പ്രക്ഷോഭം നടത്തില്ലെന്നും വ്യക്തമായി.

ചരിത്രം ആർക്കും മാറ്റാനാവുന്നതല്ല. ഇന്നത്തെ ഹിന്ദുക്കളോ, മുസ്ലീങ്ങളോ ഉണ്ടാക്കിയതല്ല അത്. ആ സമയത്ത് അതെല്ലാം സംഭവിച്ചു. ഓരോ ദിവസവും പുതിയ പ്രശ്നങ്ങളുമായി വരേണ്ടതില്ല. കോടതി പറയുന്നത് അംഗീകരിക്കണം. വിധിയെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം നാഗ്പൂരിൽ പറഞ്ഞു.

തങ്ങൾക്ക് ചില സ്ഥലങ്ങളിൽ പ്രത്യേക ഭക്തിയുണ്ടായിരുന്നു. അവയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാ ദിവസവും പുതിയ പ്രശ്നങ്ങളുമായി വരരുതെന്നും ഭാഗവത് കൂട്ടിച്ചേർത്തു.

ആക്രമണങ്ങൾ നടത്തിക്കൊണ്ടാണ് രാജ്യത്തിനുള്ളിലേക്ക് ഇസ്ലാം മതം കടന്നുവന്നത്.രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഗ്രഹിച്ചവരുടെ മനോവീര്യം കെടുത്താനാണ് അവർ ആരാധനാലയങ്ങൾ തകർത്തത്. രാജ്യത്തെ എന്നെന്നേക്കുമായി സ്വാതന്ത്ര്യമില്ലാതെ നിറുത്താനും കൂടിയാണ് അന്ന് അവർ അത് ചെയ്തത്. അതിനാലാണ് ആരാധനാലയങ്ങൾ പുനസ്ഥാപിക്കണമെന്ന് അവർ പറയുന്നത്. ഹിന്ദുക്കൾ മുസ്ലീങ്ങൾക്കെതിരായി ചിന്തിക്കുന്നില്ല. ഇന്നത്തെ മുസ്ലീങ്ങളുടെ പൂർവികരും ഹിന്ദുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.