hajj-visa

റിയാദ്: ഉംറ വിസയുടെ കാലാവധി സൗദി ഭരണകൂടം ദീർഘിപ്പിച്ചു. ഒരു മാസമായിരുന്ന വിസ കാലാവധി മൂന്ന് മാസത്തേക്കാണ് ദീർഘിപ്പിച്ചത്. സൗദിയുടെ ഹജ്ജ് - ഉംറ മന്ത്രി തൗഫീഖ് അൽറബീഅ അറിയിച്ചതാണ് ഇക്കാര്യം. ഓൺലൈനിലൂടെ അപേക്ഷിച്ചാൽ വിസ 24 മണിക്കൂറിനകം ലഭിക്കുമെന്നും ഈ വിസകളിൽ വരുന്നവർക്ക് ഇനിമുതൽ സൗദിയിലെ എല്ലായിടത്തും യാത്ര ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറ‌ഞ്ഞു. ജോർദാന്റെ തലസ്ഥാനമായ അമ്മാനിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും മിനായിലും അറഫയിലും തീർത്ഥാടകരുടെ യാത്ര സുഗമമാക്കാനാണ് സ്മാർട്ട് കാർഡ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഹജ്ജ് സ്മാർട്ട് കാർഡുകൾ ഈ വർഷം തന്നെ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം പത്തു ലക്ഷം പേർക്കാണ് ഹജ്ജ് അവസരം ലഭിക്കുക.

ഹജ്ജിനെത്തുന്ന തീർത്ഥാടകർക്ക് പുണ്യസ്ഥലങ്ങളിലെ താമസം, യാത്ര എന്നിവ ഇസേവനം വഴി മുൻകൂട്ടി തിരഞ്ഞെടുക്കാൻ സാധിക്കും. മുമ്പ് ഉംറ സർവീസ് കമ്പനികളും ഏജൻസികളും വഴിയാണ് ഉംറ തീർഥാടകർക്ക് വിസകൾ അനുവദിച്ചിരുന്നത്. സർവീസ് കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്താതെ ഇപ്പോൾ ഇസേവനം വഴി ആർക്കും എളുപ്പത്തിൽ ഉംറ വിസ ലഭിക്കും. യാത്രാ, താമസ സൗകര്യങ്ങൾക്ക് ഹജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വിശ്വാസയോഗ്യമായ കമ്പനികളുമായി മുൻകൂട്ടി ധാരണയിലെത്താൻ സാധിക്കും.