
വരാനിരിക്കുന്നത് 5ജിയുടെ കാലമാണ്. ലോകത്തിന്റെ പല ഭാഗത്തും 5ജി നിലവിൽ വന്നു കഴിഞ്ഞു. എന്നാൽ പലവിധ കാരണങ്ങളാൽ ഇന്ത്യയിൽ 5ജി സേവനം എത്താൻ വൈകുന്നു. എന്നിരുന്നാലും അടുത്ത വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത് എല്ലായിടത്തും 5ജി എത്തുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്.
വെറുതെ 5ജിയ്ക്കായി കാത്തിരുന്നാൽ പോര. അതിനായി പുതിയ ഫോണും വാങ്ങേണ്ടി വരും. നിലവിൽ 4ജി മാത്രം സപ്പോർട്ട് ചെയ്യുന്ന ഫോണുകളാണ് ഇന്ത്യയിൽ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. അവയിൽ 5ജി സപ്പോർട്ട് ചെയ്യില്ല. അതിനാൽ തന്നെ പലർക്കും പുതിയ ഫോണുകൾ വാങ്ങേണ്ടി വരും.
എന്നാൽ മദ്ധ്യവർഗ കുടുംബങ്ങൾ ഏറെയുള്ള നമ്മുടെ നാട്ടിൽ വലിയ വില കൊടുത്ത് പുതിയ ഫോൺ വാങ്ങുക എന്നത് പലർക്കും സാദ്ധ്യമല്ല. പ്രശ്നങ്ങളൊന്നും തന്നെയില്ലാത്ത അധികം പഴക്കം ചെല്ലാത്ത ഫോണുകളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട.
4ജി ഫോണുകളിൽ 5ജി സപ്പോർട്ട് ചെയ്യില്ലെങ്കിലും പുതിയ 5ജി ഫോണുകളിൽ 4ജി സേവനം ലഭിക്കും. അതിനാൽ തന്നെ അടുത്തെങ്ങാനും പുതിയ ഫോണെടുക്കാൻ പ്ലാനുണ്ടെങ്കിൽ 5ജി സപ്പോർട്ട് ചെയ്യുന്ന ഫോൺ തന്നെ തിരഞ്ഞെടുക്കുക. ബഡ്ജറ്റ് റേറ്റിൽ 5ജി ഫോണുകൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് പോലെ പ്രധാനമാണ് അവയിൽ തന്നെ മികച്ചത് ഏതാണെന്ന് അറിഞ്ഞിരിക്കുന്നതും.
ആവശ്യമനുസരിച്ചാണ് ഫോണുകൾ തിരഞ്ഞെടുക്കേണ്ടത്. ഗെയിമിംഗിന് പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തി വാങ്ങുന്ന അതേ ഫോൺ പ്രായമായ ഒരു വ്യക്തി വാങ്ങേണ്ട ആവശ്യമില്ല. അതുപോലെ തന്നെ തിരിച്ചും. സാധാരണക്കാരൻ ഉപയോഗിക്കുന്ന ഫോൺ ഉപയോഗിച്ച് മികച്ച ഗെയിമിംഗ് സാദ്ധ്യമാവില്ല. അത്തരത്തിൽ 20,000 ബഡ്ജറ്റ് ഫോണുകളും അതിന്റെ വിശദമായ സ്പെസിഫിക്കേഷനുകളും നോക്കാം.
റിയൽമി 9 എസ്ഇ 5ജി

ഇന്ത്യയിൽ 20,000 രൂപയിൽ താഴെ ലഭിക്കുന്നതിൽ വച്ച് ഏറ്റവും മികച്ച ഫോണായാണ് റിയൽമിയുടെ 9 എസ്ഇ 5ജി മോഡലിനെ കണക്കാക്കുന്നത്. ഉയർന്ന വിലയിൽ ലഭിക്കുന്ന പല ബ്രാൻഡഡ് ഫോണുകളിലും കാണപ്പെടുന്ന സ്നാപ്ഡ്രാഗൺ 778ജി ആണ് ഇതിന്റെയും പ്രൊസസർ. 144 ഹെർട്ട്സ് വരെയുള്ള ഡിസ്‌പ്ലേ പിന്തുണ ഈ ഫോണിനുണ്ട്. ഈ വില ശ്രേണിയിൽ ലഭിക്കുന്ന മറ്റൊരു ഫോണും ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്.
6.6 ഇഞ്ച് സൈസ് എൽ സി ഡി ഡിസ്‌പ്ലേയുള്ള എസ് ഇ 5ജിയുടെ 6 ജിബി (റാം) 128 ജിബി (ഇന്റേണൽ മെമ്മറി) പതിപ്പിന്റെ വില 19,999 രൂപയാണ് (റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരമുള്ള വില). 8ജിബി 128 ജിബി പതിപ്പിന് 22,999 വില വരും). അഷ്യൂർ ഗ്ലോ, സ്റ്റാറി ഗ്ലോ എന്നീ രണ്ട് കളർ ഓപ്ഷനാണ് ഈ മോഡലിന് ലഭിക്കുന്നത്. 5000 എം എ എച്ച് ബാറ്ററിയാണ് ലഭിക്കുക. 48 എം പി + 2എം പി + 2 എം പി എന്നീ ക്വാളിറ്റിയിലുള്ള മൂന്ന് ക്യാമറകൾ പിൻ ഭാഗത്തും, 16 എം പി ക്വാളിറ്റിയുള്ള ഒരു ക്യാമറ മുൻഭാഗത്തുമുണ്ടാകും. ഒരു ടിബി വരെ മെമ്മറി എക്സ്പാൻഡ് ചെയ്യാനാകും.
റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി

സ്റ്റീരിയോ സ്പീക്കറുകളും അമോലെഡ് 120 ഹെർട്ട്സ് 6.67 ഇഞ്ച് സൈസ് ഡിസ്‌പ്ലേയുമുള്ള റിയൽമി നോട്ട് 11 പ്രോ പ്ലസ് 5ജിയ്ക്ക് വരുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 695 പ്രൊസസറാണ്. 6ജിബി 128 ജിബി വേരിയന്റിന്റെ വില 19,999 രൂപയാണ്. 8ജിബി 256 ജിബി വേരിയന്റും ലഭ്യമാണ്.
108 എം പി + 8 എം പി + 2 എം പി ക്വാളിറ്റികളുള്ള റിയർ ക്യാമറയ്ക്കൊപ്പം 16 എം പി ഫ്രണ്ട് ക്യാമറയും ഇതിന് ലഭ്യമാണ്. 5000 എം എ എച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഈ ഫോണിൽ ആൻഡ്രോയിഡ് 11 ഒ എസ് ആണുള്ളത്. വൈകാതെ ആൻഡ്രോയിഡ് 12 ന്റെ അപ്ഡേറ്റ് ലഭ്യമാകും. സ്ക്രീനിന് ഗൊറില്ല ഗ്ലാസ് 5 കോട്ടിംഗ് സംരക്ഷണവും ലഭിക്കും.
സാംസംഗ് ഗാലക്സി എഫ് 23 5ജി

സാംസംഗ് 20,000 ന് താഴെയുള്ള ഫോണുകളുടെ ഉത്പാദനം നിറുത്തുന്നതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. അതിനാൽ ഇതിന്റെ വില കൂടാൻ സാദ്ധ്യതയുണ്ട്. സ്നാപ്പ്ഡ്രാഗൺ 750 ജി ആണ് പ്രൊസസർ. ഈ ഫോണിനൊപ്പം കമ്പനി ചാർജർ തരുന്നില്ല എന്നതാണ് ഇത് വാങ്ങുന്നതിൽ നിന്നും പലരെയും പിന്തിരിപ്പിക്കുന്നത്. എന്നാൽ സാംസംഗിന്റെ പല ഫോണുകളിലും ഇനി ചാർജർ കാണാനുള്ള സാദ്ധ്യതയില്ല.
25 വാട്ട് ഫാസ്റ്റ് ചാർജിംഗ് ലഭിക്കുന്ന ഈ ഫോണിനും 5000 എം എ എച്ച് ബാറ്ററി കപ്പാസിറ്റിയാണുള്ളത്. 6.60 ഇഞ്ച് എൽ സി ഡി ഡിസ്‌പ്ലേയുള്ള ഈ മോഡലിന് 50 എം പി + 8 എം പി + 2 എം പി എന്നിങ്ങനെ മൂന്ന് ക്യാമറകളാണ് പിൻഭാഗത്തുള്ളത്. 8 എം പി മാത്രം ക്വാളിറ്റിയുള്ളതാണ് ഫ്രണ്ട് ക്യാമറ. 4 ജി ബി 6 ജി ബി എന്നിങ്ങനെ രണ്ട് റാം വേരിയന്റ് ലഭ്യമാണെങ്കിലും 128 ജിബി ഇന്റേണൽ മെമ്മറി സ്റ്റോറേജിലാണ് രണ്ട് പതിപ്പും വരുന്നത്. ആൻഡ്രോയിഡ് 12 ആണ് ഒ എസ്. 4 ജി ബി 128 ജി ബി പതിപ്പിന് 15,999 രൂപയാണ് വില. എന്നാൽ 1,399 രൂപ കൂടി കൊടുത്ത് ചാർജർ കൂടി വാങ്ങുമ്പോൾ ഫോണിന്റെ വില 17,148 ആയി ഉയരും.
മോട്ടോ ജി 71 5ജി

സ്റ്റോക്ക് ആൻഡ്രോയിഡ് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്കായുള്ള ഒരു 5ജി ബഡ്ജറ്റ് ഫോണാണ് മോട്ടോ ജി 71 5ജി. റെഡ്മി 11 പ്രോ പ്ലസിലുള്ള അതേ പ്രൊസസറായ സ്നാപ്പ്ഡ്രാഗൺ 695 തന്നെയാണ് ഇതിനുമുള്ളത്. 33 വാട്ട് ഫാസ്റ്റ് ചാർജറാണ് ഇതിനൊപ്പം ലഭിക്കുക. 5000 എം എ എച്ചാണ് ബാറ്ററി കപ്പാസിറ്റി.
50 എം പി + 8 എം പി + 2 എം പി ക്വാളിറ്റിയിലുള്ള മൂന്ന് റിയർ ക്യാമറകളും 16 എം പി ഫ്രണ്ട് ക്യാമറയുമാണ് ഈ മോഡലിനുള്ളത്. 6.4 ഇഞ്ച് 411 പിപിഐ 60 ഹെർട്ട്സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 6 ജി ബി റാം 128 ജി ബി ഇന്റേണൽ മെമ്മറി വേരിയന്റിന് 18,999 രൂപയാണ് വില. മെമ്മറി എക്സ്പാൻഡ് ചെയ്യാൻ സാധിക്കില്ല എന്നത് ഒരു കോട്ടമായി പറയാം.