gun-shot

വാഷിംഗ്ടൺ: യു.എസിൽ ഒക്‌ലഹോമയിലെ ടൽസയിലുള്ള ആശുപത്രി കാമ്പസിൽ നടന്ന വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 5 മണിയോടെ സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റലിലെ നതാലി മെഡിക്കൽ ബിൽഡിംഗിലായിരുന്നു ആക്രമണം.

പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചവരുടെയും അക്രമിയുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല. 35നും 40നും ഇടയിൽ പ്രായമുള്ള കറുത്ത വംശജനാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

റൈഫിളും കൈത്തോക്കും നാലു മിനിറ്റോളം നീണ്ട ആക്രമണത്തിൽ ഒരേ സമയം പ്രവർത്തിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ആശുപത്രിയിലെത്തിയതിനാലാണ് മരണസംഖ്യ കുറഞ്ഞത്. കഴിഞ്ഞയാഴ്ച ടെക്സസിൽ 19 കുട്ടികൾ ഉൾപ്പെടെ 21 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിന് ശേഷം യു.എസിൽ അരങ്ങേറുന്ന മൂന്നാമത്തെ സമാന സംഭവമാണിത്.

കഴിഞ്ഞ ദിവസം ന്യൂ ഓർലീൻസിൽ ഹൈസ്കൂൾ ബിരുദദാന ചടങ്ങിനിടെ നടന്ന വെടിവയ്പിൽ വൃദ്ധ കൊല്ലപ്പെട്ടിരുന്നു. ഗൺ വയലൻസ് ആർക്കൈവ് എന്ന സംഘടനയുടെ കണക്കനുസരിച്ച് ഈ വർഷം യു.എസിൽ ഇതുവരെ 233 വെടിവയ്പ് നടന്നെന്നാണ് കണക്ക്.