homosexuality

2022 മേയ് മാസം 31 ന് വൈകുന്നേരത്തോടെ ആദില - ഫാത്തിമ കേസിൽ തീർപ്പ് കൽപ്പിച്ചുകൊണ്ട് കേരള ഹൈക്കോടതിയുടെ വിധി വന്നു. ഒരുമിച്ച് പഠിച്ചു വളർന്ന ഇരുവരും ഇനിയുള്ള കാലം ഒന്നിച്ചു ജീവിക്കാമെന്ന് തീരുമാനിച്ചെങ്കിലും വീട്ടുകാർ സമ്മതിക്കാത്തതിനെത്തുടർന്ന് ഇരുവരും ഒളിച്ചോടി. എന്നാൽ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയി. ഇതിനെതിരെ ആദില നസ്‌റിൻ ഹേബിയസ് കോർപ്പസ് ഉൾപ്പെടെ ഫയൽ ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽ ഹാജരാക്കിയ ഫാത്തിമയെ, നസ്റിനൊപ്പം പോകാൻ കോടതി അനുവദിച്ചു.

അതായത് സ്വവർഗാനുരാഗികളായ ആദില നസ്‌റിനും ഫാത്തിമ നൂറയ്ക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. ഇന്ത്യാ മഹാ രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി പ്രായപൂർത്തിയായവർക്ക് ഒരുമിച്ചു ജീവിക്കുന്നതിന് വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പിന്നാലെ കേരളത്തിലെ മാദ്ധ്യമങ്ങളെല്ലാം സംഭവം റിപ്പോർട്ട് ചെയ്തു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള നവമാദ്ധ്യമങ്ങളിലും വാർത്ത കാട്ടു തീ പോലെ പടർന്നു. ഇരുവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ രംഗത്തുവരികയും, ഹൈക്കോടതി വിധി പ്രശംസനീയാർഹമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.

homosexuality

എന്നാൽ വാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിമിഷങ്ങൾക്കകം ഇതിനെതിരെയുള്ള കമന്റുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. മുഖ്യമന്ത്രി ഇടയ്ക്കൊക്കെ പറയുന്നതുപോലെ 'ഒറ്റപ്പെട്ട' സംഭവങ്ങൾ പോലെ ഒറ്റപ്പെട്ട കമന്റുകളായിരുന്നു പലതും. എന്നാൽ മിനിറ്റുകൾക്കകം ഇത്തരം കമന്റുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങി. പലരും സ്വവർഗാനുരാഗത്തെ എതിർത്ത് രംഗത്തെത്തി.

അവർക്കെല്ലാം പറയാൻ വിവിധ തരത്തിലുള്ള ന്യായീകരണങ്ങളുമുണ്ടായിരുന്നു. പല വിഷയങ്ങളിലൂന്നിയാണ് പലരും അവരുടെ ഭാഗം ന്യായീകരിച്ചത്. മതം, പ്രകൃതി നിയമം, സാംസ്കാരം, പൈതൃകം, സദാചാരം, സാമൂഹിക ഘടന, പ്രത്യുൽപാദനം അങ്ങനെ തുടങ്ങിയ ന്യായീകരണം ഒടുവിൽ ശാസ്ത്രീയതയിൽ പോലും എത്തി നിന്നു. സ്വവർഗാനുരാഗത്തെ ശാസ്ത്രീയമായി തെറ്റാണെന്ന് പോലും പലരും പറഞ്ഞു.

പലരും അവർ ഇനി എങ്ങനെ ജീവിക്കും എന്ന കാര്യത്തിൽ വളരെ ആകുലരാവാൻ തുടങ്ങി. പലർക്കും ആധി കൂടി. ഫാത്തിമയും ആദിലയും ഇനി എങ്ങനെയായിരിക്കും ജീവിക്കുക എന്ന കാര്യത്തിൽ ടെൻഷനായി. അവർ എങ്ങനെയായിരിക്കും കുട്ടികളെ ഉത്പാദിപ്പിക്കുക? അവരിൽ ആരാണ് ഭർത്താവ്, ആരാണ് ഭാര്യ? സ്വന്തം വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ എന്തെങ്കിലും അപകടം പറ്റിയാൽ പോലും ഇല്ലാത്തത്ര സമ്മർദ്ദമാണ് ചിലരിലൊക്കെ ഉണ്ടായത്. സ്വന്തം ഭാവിയെ ഓർത്ത് പോലും അവർ ഇത്രയും ആകുലരായിട്ടുണ്ടാകില്ല.

homosexuality

നിങ്ങളുടെ (ജഡ്ജി, മാദ്ധ്യമ പ്രവർത്തകർ) വീട്ടിലാണ് ഇങ്ങനെ ഉണ്ടായതെങ്കിൽ അപ്പോഴും ഇതുപോലെ അംഗീകരിക്കുമോ? സ്വന്തം വീട്ടിൽ ഇതുപോലെ സംഭവിക്കണം അപ്പോൾ അറിയാം. ഇത് ഭൂമിയുടെ അവസാനമാണ്. ഇവർ എങ്ങനെയാണ് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുക. ഭൂമിയിൽ ഇനി എങ്ങനെയാണ് ജീവൻ നിലനിർത്തുക. മനുഷ്യന്റെ നിലനിൽപ്പ് ഇല്ലാതാവില്ലേ? ഇത് മാനസിക രോഗമാണ്. അവർക്ക് കൗൺസിലിംഗ് കൊടുത്താൽ നേരേയാവും. ഇത് അഹങ്കാരമാണ്. നമ്മുടെ സംസ്കാരത്തിന് എതിരാണ്. ഇത്തരത്തിലുള്ള കോടതി വിധി സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നത് - സ്വവർഗാനുരാഗത്തെ എതിർത്തവരിൽ അധികം പേരും പറഞ്ഞ ചില കാരണങ്ങളും ചോദ്യങ്ങളുമാണ് ഇതൊക്കെ.

2022ാം ആണ്ടിലും സമ്പൂർണ സാക്ഷര സുന്ദര കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളുടെയും ചിന്ത ഇത്രത്തോളം ഇടുങ്ങിയതാണെന്ന് വേണം ഇതിൽ നിന്ന് മനസിലാക്കേണ്ടത്. സ്വവർഗാനുരാഗത്തെ എതിർക്കുന്നവരിൽ സാധാരണക്കാർ മാത്രമല്ല ഉള്ളത്. മദ്ധ്യവയസ്കരും, യുവാക്കളും, യുവതികളും, എന്തിനധികം പറയുന്നു അദ്ധ്യാപകരും പ്രൊഫസർമാരും വരെ കമന്റിട്ട കൂട്ടത്തിലുണ്ട്. ജനങ്ങൾ ഇത്രത്തോളം രോഷാകൂലരായി പരസ്യമായി പ്രതികരിക്കണമെങ്കിൽ ഈ വിഷയം അത്രയ്ക്ക് മോശമാണോ എന്ന ചിന്തിക്കുന്നവരും നമുക്കിടയിലുണ്ട്. ശരിക്കും സ്വവർഗാനുരാഗം തെറ്റാണോ? അത് ഒരു മാനസിക രോഗമാണോ? കൗൺസിലിംഗ് കൊടുത്താൽ മാറുന്ന ഒന്നാണോ ഇത്? ആ കുട്ടികൾ അങ്ങനെ ചിന്തിയ്ക്കാനുള്ള കാരണമെന്തായിരിക്കും? വിശദമായി നോക്കാം.

എന്താണ് സ്വവർഗാനുരാഗം അഥവാ ഹോമോസെക്ഷ്വാലിറ്റി?

സാധാരണയായി ഒരു ലിംഗത്തിൽപ്പെട്ട വ്യക്തിയ്ക്ക് എതിർ ലിംഗത്തിൽപ്പെട്ടയാളോടാണ് ലൈംഗികപരമായ ആകർഷണം തോന്നേണ്ടത്. എന്നാൽ ഒരു ലിംഗത്തിൽപ്പെട്ട വ്യക്തിയ്ക്ക് അതേ ലിംഗത്തിൽപ്പെട്ടവരോട് ആകർഷണം തോന്നുകയും അവരോട് ലൈംഗിക ബന്ധത്തിലേർപ്പെടാനും തോന്നുന്നതിനെയാണ് സ്വവർഗാനുരാഗം എന്ന് പറയുന്നത്. അത്തരം വ്യക്തികളെയാണ് സ്വവർഗാനുരാഗികൾ എന്ന് പറയുന്നതും. ഇത്തരത്തിൽ സ്വവർഗാനുരാഗികളായ പുരുഷന്മാരെ ഗേ എന്നും സ്ത്രീകളെ ലെസ്ബിയൻ എന്നുമാണ് വിളിക്കുന്നത്. അതേസമയം തന്റെ ലിംഗത്തിൽപ്പെട്ടവരോടും എതിർ ലിംഗത്തിൽപ്പെട്ടവരോടും ഒരേപോലെ ലൈംഗിക ആകർഷണം തോന്നുവരും ഉണ്ട്. അത്തരക്കാരെ നാം ബൈസെക്ഷ്വൽ എന്ന് വിളിക്കും.

homosexuality

ലൈംഗിക ആകർഷണം എന്നത് ലൈംഗിക പ്രവർത്തിയിൽ ഏർപ്പെടുക എന്നത് മാത്രമല്ല, അവരോട് വൈകാരികമായ അടുപ്പവും. പ്രണയവുമെല്ലാം തോന്നും. അതായത് ഒരു സാധാരണ വ്യക്തിയ്ക്ക് തന്റെ എതിർ ലിംഗത്തിൽപ്പെട്ടവരോട് തോന്നുന്ന അതേ വികാരങ്ങളെല്ലാം ഇത്തരക്കാർക്ക് തന്റെ പങ്കാളിയോട് തോന്നും. എന്നാൽ ഒരു ലിംഗത്തോടും ആകർഷണം തോന്നാത്തവരും നമ്മുടെ സമൂഹത്തിലുണ്ട്. അവരെ നാം അസെക്ഷ്വൽ എന്നാണ് വിളിക്കുന്നത്. അവർ ഒരു കല്യാണം കഴിച്ചാൽ എല്ലാം ശരിയാകും എന്ന് ഒരു ധാരണ നമുക്കിടയിലുണ്ട്. ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ്. അതേസമയം സാധാരണത്വം എന്ന് നാം വിളിക്കുന്ന, പുരുഷന് സ്ത്രീയോട് മാത്രവും സ്ത്രീയ്ക്ക് പുരുഷനോട് മാത്രവും ലൈംഗിക ആകർഷണം തോന്നുന്ന വ്യക്തികളെ ഹെട്രോസെക്ഷ്വൽ എന്നും വിളിക്കും.

ലൈംഗിക ആകർഷണത്തിൽ ഇത്തരം വ്യത്യാസങ്ങളുണ്ടാവാനുള്ള കാരണം?

ലൈംഗിക ആഭിമുഖ്യത്തിൽ ഇങ്ങനെയുള്ള വ്യതിയാനങ്ങളുണ്ടാവാനുള്ള കൃത്യമായ കാരണം നിർവചിക്കാൻ ഇതുവരെ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടില്ല. എന്നിരുന്നാലും ജീനുകളിലും ഹോർമോണുകളിലും ഉണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ഇതിന് കാരണമെന്നാണ് ശാത്രലോകം വിശ്വസിക്കുന്നത്. എന്നാൽ ഇത് മാനസിക പ്രശ്നങ്ങൾ അല്ലെന്ന് തന്നെയാണ് മാനസിക രോഗ വിദഗ്ദ്ധർ ഉൾപ്പെടെ പറയുന്നത്. കൗൺസിലിംഗ് കൊണ്ടോ, മറ്റ് മരുന്നുകൾ കൊണ്ടോ ഇതിനെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ലെന്നും അവർ അടിവരയിട്ടു പറയുന്നു.

homosexuality

കുട്ടിക്കാലത്തെ സംഭവങ്ങളോ, മാതാപിതാക്കൾ കുട്ടികളെ എങ്ങനെ വളർത്തുന്നു എന്നതോ ഒന്നും ഇതിന് ബാധകമല്ല. ലൈംഗിക ആഭിമുഖ്യവുമായി ഇത്തരം ബാഹ്യ ഘടകങ്ങൾക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകളൊന്നും നമുക്ക് ലഭിച്ചിട്ടില്ല. അതിനാൽ തന്നെ ഇതിനെ മാനസിക രോഗത്തിന്റെ ഗണത്തിൽ പെടുത്താനോ, മാനസിക ചികിത്സ നൽകാനോ സാധിക്കില്ല.

എന്താണ് ഹോർമോണുകളും ജീനുകളും?

ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസവസ്തുക്കളാണ് ഹോർമോണുകൾ. ശരീരത്തിലെ അന്തസ്രാവീ ഗ്രന്ഥികളാണ് ഇവ ഉത്പാദിപ്പിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതും വളർച്ചയെയും നിയന്ത്രിക്കുന്നതും ഒക്കെ ഈ ഹോർമോണുകളാണ്. ഒരു വ്യക്തിയ്ക്ക് ലൈംഗികപരമായ വ്യക്തിത്വം നൽകുന്നതും ഇവ തന്നെ. അതായത് ഒരു പുരുഷനെ പുരുഷനാക്കുന്നതും, സ്ത്രീയെ സ്ത്രീയാക്കുന്നതും ഹോർമോണുകൾ ആണെന്ന് സാരം.

പുരുഷന്മാരിൽ ഉത്പാദിപ്പിക്കുന്ന ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണാണ് പൗരുഷം എന്ന മേന്മ പുരുഷന് നൽകുന്നത്. പുരുഷന് സ്ത്രീയോട് അടുപ്പം തോന്നുന്നതും ഇത് മൂലം തന്നയാണ്. സ്ത്രീകളുടെ ഓവറിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഈസ്ട്രജൻ, പ്രോജെസ്റ്റെറോൺ എന്നീ രണ്ട് ഹോർമോണുകളാണ് സ്ത്രീത്വം എന്ന വിശേഷണം അവർക്ക് നൽകുന്നത്. മേൽ പറഞ്ഞതുപോലെ സ്ത്രീയ്ക്ക് പുരുഷനോട് ആഭിമുഖ്യം തോന്നാനും, പുരുഷനോട് ലൈംഗിക താത്പര്യം തോന്നാനും എല്ലാം കാരണം ഈ ഹോർമോണുകൾ തന്നെയാണ്. പാരമ്പര്യമായ ഘടകങ്ങൾ തലമുറയിലൂടെ കൈമാറുന്ന വസ്തുവാണ് ജീനുകൾ. അച്ഛന്റെയും അമ്മയുടേയും രൂപസാദൃശ്യവും മറ്റ് കഴിവുകളുമെല്ലാം മക്കൾക്ക് ലഭിക്കുന്നത് ഈ ജീനുകൾ വഴിയാണ്. കോശങ്ങൾക്കുള്ളിലാണ് ജീനുകൾ കാണപ്പെടുന്നത്.

homosexuality

സ്വവർഗാനുരാഗികൾ തമ്മിലുള്ള ലൈംഗിക ബന്ധം

സ്വവർഗരതി പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായി പലരും വിശ്വസിക്കുന്നുണ്ടെങ്കിലും ഇത് മനുഷ്യ വർഗത്തിന്റെ ഒരു വ്യതിയാനമായി കണ്ടാൽ മാത്രം മതിയാകും. ഇത് തീർത്തും സാധാരണ കാര്യമായി കാണാവുന്നതേയുള്ളു. സ്വവർഗാനുരാഗികൾ തമ്മിൽ ശാസ്ത്രീയമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ പല മാർഗങ്ങളും നിലവിലുണ്ട്. ഇക്കാര്യത്തിൽ ഇതിനെ എതിർക്കുന്ന പലർക്കും അറിവില്ല എന്നതാണ് വസ്തുത.

സാധാരണ പലരും കാണുന്ന പോൺ വീഡിയോ പോലുള്ളവ മനുഷ്യന്റെ ഉള്ളിൽ സൃഷ്ടിച്ചിരിക്കുന്ന ഒരു മിഥ്യയുണ്ട്. അതാണ് യഥാർത്ഥ സെക്സ് എന്ന്. എന്നാൽ ഇത് വെറും തെറ്റിദ്ധാരണയാണ്. ഇണയെ വേദനിപ്പിച്ചുകൊണ്ടുള്ള മണിക്കൂറുകൾ നീണ്ട സംഭോഗമല്ല സെക്സ് എന്നുള്ളത്. അതുപോലെ തന്നെ ഗേ, ലെസ്ബിയൻ സെക്സുകളും നാം വീഡീയോകളിൽ കാണുന്നത് പോലെയല്ല ശരിക്കും ഉള്ളത്.

ഇത്തരം വീഡിയോകൾ സാധാരണക്കാരിൽ ഉണ്ടാക്കി വച്ചിരിക്കുന്ന ദൃശ്യങ്ങളാണ് പലപ്പോഴും പലരിലും തെറ്റായ ചിന്തകൾ സൃഷ്ടിച്ചിരിക്കുന്നത്. ഗേ പങ്കാളികൾക്കായാലും, ലെസ്ബിയൻ പങ്കാളികൾക്കായാലും അവർ തമ്മിൽ സെക്സ് ചെയ്യുന്നത് മറ്റൊരു രീതിയിലാണ്. അതും സാധാരണ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സെക്സും തമ്മിൽ ചേർത്തുവച്ച് വായിക്കാതിരിക്കുക.

homosexuality

കുട്ടികളുണ്ടാവാൻ എന്ത് ചെയ്യും?

സെക്സിലൂടെ മാത്രമേ കുട്ടികളുണ്ടാവാൻ പാടുള്ളു എന്നില്ല. പുരുഷന്റെ ബീജവും, സ്ത്രീയുടെ അണ്ഡവും തമ്മിൽ ശരിയായ സംയോജിച്ചാൽ ഒരു കുഞ്ഞ് ജനിക്കും. ശരീരത്തിന് പുറത്ത് വച്ച് കൃത്രിമമായി ഈ പ്രവർത്തി ചെയ്യാൻ പല ആധുനിക സംവിധാനങ്ങളും നിലവിലുണ്ട്. രക്തം ദാനം ചെയ്യുന്നതുപോലെ ബീജവും മനുഷ്യർ ദാനം ചെയ്യാറുണ്ട്.

ആരോഗ്യമുള്ള മറ്റ് അസുഖങ്ങളൊന്നുമില്ലാത്ത പുരുഷന്മാരിൽ നിന്ന് ബീജം സ്വീകരിച്ച് പ്രത്യേക ലാബുകളിൽ സവിശേഷ സാഹചര്യങ്ങളിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞാലും അവ നശിക്കില്ല. ഇത്തരം ലാബുകളെ ജീൻ ബാങ്കുകളെന്നും സ്പേം ബാങ്കുകളെന്നുമാണ് വിളിക്കുന്നത്. ബീജ ദാതാവിന്റെ വ്യക്തിത്വവും വിവരങ്ങളും ഒരിക്കലും പുറത്തുവിടാറില്ല. സമാന രീതിയിൽ സ്ത്രീകളും അവരുടെ അണ്ഡം ദാനം ചെയ്യാറുണ്ട്.

ഗേ പങ്കാളികൾക്ക് അവരുടെ ബീജം ഉപയോഗിച്ചും ലെസ്ബിയൻ സ്ത്രീകൾക്ക് അവരുടെ അണ്ഡം ഉപയോഗിച്ചും കൃത്രിമമായി കുട്ടികളെ ഉത്പാദിപ്പിക്കാവുന്നതേയുള്ളു. ഇൻവിട്രോ ഫെർട്ടിലൈസേഷൻ, ഗിഫ്റ്റ്, സിഫ്റ്റ്, എഫ് ഇ ടി പോലുള്ള സാങ്കേതിക വിദ്യകൾ വഴിയൊക്കെ ഇത് സാദ്ധ്യമാകും. അല്ലാത്ത പക്ഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ആയിരക്കണക്കിന് അനാഥ കുട്ടികളാണ് സർക്കാർ സംരക്ഷണത്തിൽ കഴിയുന്നത്. അവരിൽ നിന്നും കുട്ടികളെ ദത്തെടുത്തും വളർത്താം. ഇതൊക്കെ തന്നെയാണ് പല സ്വവർഗാനുരാഗികളും ചെയ്യുന്നത്.

നിയമവശം

2018 സെപ്തംബർ ആറിന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് രാജ്യത്ത് സ്വവർഗരതി നിയമവിധേയമാക്കിയിട്ടുണ്ട്.

homosexuality

സ്വവർഗാനുരാഗം മാനസിക രോഗമാണോ?

1973 ൽ അമേരിക്കൻ സൈക്യാട്രി അസോസിയേഷൻ സ്വവർഗരതിയെ ഒരു മാനസിക രോഗം അല്ല എന്ന് പ്രഖ്യാപിക്കുകയും മാനസിക രോഗങ്ങളുടെ പട്ടികയിൽ നിന്ന് ഇതിനെ നീക്കം ചെയ്യുകയും ചെയ്തു. മാത്രമല്ല ദി ഇന്ത്യൻ സൈക്യാട്രി സൊസൈറ്റിയും (ഐ പി എസ്) സ്വവർഗാനുരാഗം മാനസിക രോഗമല്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാളുടെ ലൈംഗിക ആഭിമുഖ്യം മാനസിക ചികിത്സ കൊണ്ട് മാറ്റാൻ സാധിക്കുന്നതല്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് എൽ ജി ബി ടി ക്യു കമ്മ്യൂണിറ്റി?

homosexuality

ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വസ്റ്റ്യനിംഗ് എന്നിവയുടെ ആദ്യാക്ഷാരങ്ങൾ ചേർന്നതാണ് എൽ ജി ബി ടി ക്യു. അതായത് സ്വവർഗാനുരാഗികൾ, മൂന്നാം ലിംഗക്കാർ, ലിംഗ വ്യക്തിത്വം ശരിയായി നിർവചിക്കാൻ സാധിക്കാത്തവർ എന്നിവരുടെ ഒരു സമൂഹമാണ് ഇത്. ഇന്ന് ഈ സമൂഹത്തെ ഒരുവിധപ്പെട്ട എല്ലാ രാജ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞു, ഇത്തരക്കാർക്ക് നിയമങ്ങളും സംവരണങ്ങളും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ചുരുക്കത്തിൽ അവരും സാധാരണ മനുഷ്യർ തന്നെയെന്നർത്ഥം.