
ന്യൂഡൽഹി:ജമ്മു കാശ്മീരിൽ ഭീകരാക്രമണങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ഇന്ന് നിർണായക ഉന്നതതല യോഗം നടക്കും. കാശ്‌മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, അജിത് ഡോവൽ, കരസേനാ മേധാവി, കാശ്‌മീർ പൊലീസ് മേധാവി തുടങ്ങിയവർ പങ്കെടുക്കും. കൂടുതൽ സൈനികരെ കാശ്മീരിൽ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്. അമിത് ഷാ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. റോ മേധാവി സാംനാത് ഗോയലും പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഡോ.ജിതേന്ദ്രസിംഗും പങ്കെടുത്തു.
ഇന്നലെ കുൽഗാമിലെ ഒരു ബാങ്കിൽ അതിക്രമിച്ചു കയറിയ ഭീകരൻ രാജസ്ഥാൻ സ്വദേശിയായ മാനേജരെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പോൺസർ ചെയ്യുന്ന
ഇലാഖാഹി ദേഹാതി ഗ്രാമീണ ബാങ്കിന്റെ അരേ മോഹൻപോറ ശാഖയിലാണ് ഭീകരാക്രമണം നടന്നത്. ഡ്യൂട്ടിയിലായിരുന്ന മാനേജർ വിജയകുമാറിനെ ( 29 ) ഭീകരൻ തൊട്ടടുത്തു നിന്ന് വെടിവച്ച ശേഷം കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു.
ഇന്നലെ മാത്രം രണ്ട് ഇതര സംസ്ഥാനക്കാരാണ് കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ബീഹാർ സ്വദേശിയാണ്. ഇതോടെ എട്ട് ദിവസത്തിനിടെ കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാല് ആയി.
സൈനികരെയും ആക്രമിച്ചു
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ഷോപ്പിയാനിൽ സൈനിക വാഹനത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഭീകരവിരുദ്ധ ഓപ്പറേഷന് സ്വകാര്യ വാഹനത്തിൽ പോകുമ്പോൾ ഭീകരർ ഐ.ഇ.ഡിയോ ഗ്രനേഡോ പ്രയോഗിക്കുകയായിരുന്നു.
പ്രതിഷേധം രൂക്ഷം
കാശ്‌മീരിലെ കുടിയേറ്റത്തൊഴിലാളികൾ, ന്യൂനപക്ഷങ്ങൾ, സർക്കാർ ജീവനക്കാർ, തുടങ്ങിയ വിവിധ വിഭാഗങ്ങളെയാണ് ഭീകരർ ഉന്നം വച്ച് ആക്രമിക്കുന്നത്.കാശ്മീരി പണ്ഡിറ്റായ രാഹുൽ ഭട്ട് കൊല്ലപ്പെട്ടതു മുതൽ സമുദായം പ്രതിഷേധത്തിലാണ്. രജനീബാലയുടെ വധത്തോടെ പ്രതിഷേധം രൂക്ഷമായി. തങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയില്ലെങ്കിൽ താഴ്‌വര വിട്ടു പോകുമെന്ന് 4,000ത്തോളം
കാശ്മീരി പണ്ഡിറ്റുകൾ മുന്നറിയിപ്പ് നൽകി.
മേയിൽ ഏഴ് കൊലകൾ, ഇക്കൊല്ലം 16
കഴിഞ്ഞമാസം ടാർഗറ്റഡ് കില്ലിംഗിൽ ഏഴ് പേരെ ഭീകരർ വധിച്ചു. കാശ്‌മീരി പണ്ഡിറ്റ് സമുദായത്തിലെ അദ്ധ്യാപിക രജനിബാലയെ (36) ഇതേ സമുദായത്തിലെ സർക്കാർ ജീവനക്കാരൻ രാഹുൽ ഭട്ട്, ടി.വി നടി അമ്രീൻ ഭട്ട്, വൈൻ ഷോപ്പ് ജീവനക്കാരൻ രഞ്ജീത് സിംഗ്, മൂന്ന് പൊലീസുകാർ എന്നിവരാണ് കൊല്ലപ്പെട്ടത്.