vijay-babau

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ ഒൻപത് മണിക്ക് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി ഇരുപത് മണിക്കൂറോളമാണ്

നടനെ ചോദ്യം ചെയ്തത്. നടിയുടെ ആരോപണങ്ങൾ വിജയ് ബാബു ചോദ്യം ചെയ്യലിൽ നിഷേധിച്ചിരുന്നു. ഉഭയ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമാണ് വിജയ് ബാബു പൊലീസിന് മൊഴി നൽകിയത്. ചൊവ്വാഴ്ച വരെ അറസ്റ്റുചെയ്യരുതന്നെ ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ ചോദ്യംചെയ്യൽ ഇനിയും നീണ്ടുപോകാനാണ് സാദ്ധ്യത.

അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയുമായി സംസാരിക്കാനോ, ആശയവിനിമയം നടത്താനോ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് നിലവിൽ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. സാമൂഹിക മാദ്ധ്യമങ്ങളിലുൾപ്പെടെ ഒന്നിലും പ്രതികരിക്കരുതെന്നും നിർദേശമുണ്ട്.

39 ദിവസത്തെ ഒളിവു ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞദിവസമാണ് ദുബായിൽ നിന്ന് നടൻ കൊച്ചിയിലെത്തിയത്. ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ച് ഏപ്രിൽ 22നാണ് നടി പൊലീസിൽ പരാതി നൽകിയത്.