
ശ്രീനഗർ: കാശ്മീരിൽ രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ ഭീകരന്റെ വെടിയേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ ഭാഗത്ത് നിന്നും വൈകാരിക പ്രതികരണം. ബാങ്കിന്റെ മാനേജരായ വിജയ് കുമാർ കാശ്മീരിലെ കുൽഗാമിൽ വച്ചാണ് കൊല്ലപ്പെട്ടത്. ബാങ്കിലേക്ക് അതിക്രമിച്ച് കയറിയ ഭീകരൻ വിജയ്കുമാറിന് നേരെ വെടിയുതിർത്ത ശേഷം കടന്നുകളയുകയായിരുന്നു. 29കാരനായ വിജയ്കുമാറിന്റെ വിവാഹം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. വിവാഹം കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിനകം തിരികെ ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് ജൻമനാട്ടിലെത്തിയിരുന്നില്ല. കാശ്മീരിന് പുറത്ത് ജോലി മാറ്റുന്നതിനായി പ്രമോഷൻ പരീക്ഷയ്ക്ക് അദ്ദേഹം തയ്യാറെടുക്കുകയായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി.
2019 ലെ റീജിയണൽ റൂറൽ ബാങ്ക്സ് പരീക്ഷയിൽ വിജയിച്ചതിന് ശേഷമാണ് വിജയിന് കാശ്മീരിൽ ജോലി ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ ഇളയ സഹോദരൻ അനിൽ പറഞ്ഞു. ബാങ്ക് പ്രൊബേഷണറി ഓഫീസറായി (പിഒ) നിയമനം ലഭിച്ചതിനെ തുടർന്നാണ് കാശ്മീരിലെ ഗ്രാമത്തിലെ ബാങ്കിന്റെ മാനേജറായത്. ബ്രാഞ്ച് മാനേജറാകാനുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.
വിജയ് അവസാനമായി രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലെ നോഹർ തഹ്സിലിലുള്ള ഭഗവാൻ ഗ്രാമത്തിൽ തന്റെ വിവാഹ സമയത്താണ് എത്തിയതെന്ന് അമ്മാവൻ സുരേന്ദർ പാൽ ബെനിവാൾ പറഞ്ഞു. വിജയുടെ അമ്മ രമേതി ദേവി വീട്ടമ്മയാണ്, പിതാവ് ഓം പ്രകാശ് സ്‌കൂൾ അദ്ധ്യാപകനും.
താഴ്‌വരയിലെ താമസക്കാരുടെ സുരക്ഷാ പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധിക്കണമെന്ന് വിജയിന്റെ അമ്മാവൻ സുരേന്ദർ പറഞ്ഞു. 'ഞങ്ങൾക്കുണ്ടാകുന്ന വ്യക്തിപരമായ നഷ്ടങ്ങൾ രാഷ്ട്രീയക്കാരെ ബാധിക്കില്ല. അവരുടെ മനസാക്ഷി കുലുങ്ങുന്നത് വരെ ഒന്നും സംഭവിക്കില്ല,' അദ്ദേഹം പറഞ്ഞു. 'പല പൗരന്മാരും വളരെക്കാലമായി ആവശ്യങ്ങൾ ഉന്നയിക്കുന്നതിനാൽ, അവർ അത് കേൾക്കണം. കാശ്മീരി പണ്ഡിറ്റുകളെ വീണ്ടും അവിടെ താമസിപ്പിക്കുക എന്നതാണ് അവരുടെ ദൗത്യം, എന്നാൽ സുരക്ഷ നൽകുന്നതുവരെ അത് സാദ്ധ്യമാണെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ ഒരു തീവ്രവാദിയെ കണ്ടെത്തി കൊല്ലുമ്പോൾ, നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തു. എന്നാൽ തീവ്രവാദി എപ്പോഴും മരിക്കാൻ തയ്യാറാണ്. എന്നാൽ അവിടെ ജോലിക്ക് പോകുന്നവർ മരിക്കാനല്ല അവിടെ പോകുന്നത്,' അധികാരികളോടായി അദ്ദേഹം പറഞ്ഞു.