gold-smuggling-

ഹൈദരാബാദ് : വിമാനത്താവളത്തിൽ കൂടി സ്വർണം കടത്തുന്നതിന് നിരവധി മാർഗങ്ങളാണ് കള്ളക്കടത്തുകാർ സ്വീകരിക്കുന്നത്. വിമാനത്താവളത്തിനുള്ളിൽ പ്രവർത്തിക്കുന്ന കൊവിഡ് ടെസ്റ്റിംഗ് സെന്ററിന്റെ സഹായത്തോടെ കടത്തിയ സ്വർണം ഹൈദരബാദിൽ പിടികൂടി. ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. 1.65 കോടി രൂപ വിലവരുന്ന 3.14 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്.

ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നുമാണ് വലിയ അളവിൽ സ്വർണം കണ്ടെത്തിയത്. ആർടിപിസിആറിനായി സാമ്പിൾ ശേഖരണത്തിന്റെ മറവിൽ യാത്രക്കാരൻ 3.14 കിലോഗ്രാം സ്വർണ്ണത്തിന്റെ പാക്കറ്റുകൾ കൊവിഡ് ടെസ്റ്റ് ചെയ്യാനിരിക്കുന്ന സ്വകാര്യ കമ്പനിയുടെ ജീവനക്കാരന് കൈമാറുകയായിരുന്നു. കൊവിഡ് സാമ്പിൾ എന്ന നിലയിൽ സ്വർണം കടത്താൻ ശ്രമിച്ച ആദ്യ കേസാണ് ഇത്. എട്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടുന്നത്. മേയ് 25ന് ദുബായിൽ നിന്നെത്തിയ രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്ന് 37.91 ലക്ഷം രൂപ വിലമതിക്കുന്ന 723.39 ഗ്രാം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.