cheating-case-

കല്ലമ്പലം: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. ഒറ്റൂർ വില്ലേജിൽ ചെന്നൻകോട് പ്രസിഡന്റ് ജംഗ്ഷനിൽ പ്രിയാ നിവാസിൽ കർണ്ണൽരാജ് (23) ആണ് അറസ്റ്റിലായത്. ഫിട്‌മെന്റ് ഫിനാൻസ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിൽ നിന്ന് വിവിധ ആളുകൾക്ക് വാഹന ലോൺ തരപ്പെടുത്തുകയും തുക വാഹനം വാങ്ങുന്നവർക്ക് നൽകാതെയും വാഹനങ്ങൾ സ്വന്തമാക്കി പണയം വച്ചുമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

സ്വന്തക്കാരുടെയും ബിനാമികളുടെയും പേരിൽ നാഷണൽ പെർമിറ്റ് ലോറികളും ആഡംബരകാറുകളും വാങ്ങി ആഡംബര ജീവിതം നയിച്ചുവരവെയാണ് പ്രതി പിടിയിലായത്. 2014ൽ 16 വയസിൽ കോർപ്പറേഷൻ ബാങ്കിന്റെ കല്ലമ്പലം എ.ടി.എം കെട്ടിവലിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ അംഗമാണ് പ്രതി. 2017ൽ 14 ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച കേസിലും വ്യാജ ആർ.സി ബുക്ക് നിർമ്മിച്ച കേസിലും കൊല്ലം ഇയാൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് കർണ്ണൽരാജ് വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ നാഷണൽ പെർമിറ്റ് ലോറിയിൽ വർക്കല ഭാഗത്തു നിന്ന് കല്ലമ്പലം ഭാഗത്തേക്ക് വരുന്നതായി വർക്കല ഡിവൈ.എസ്.പി നിയാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖറും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.