
കൊച്ചി: തൃക്കാക്കരയിൽ വോട്ടെണ്ണൽ പകുതിയോളം റൗണ്ട് കടക്കുമ്പോൾ ആവേശത്തോടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിക്കുന്നത്. കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി ചികിത്സയിലായതിനാൽ തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇത്തവണ പ്രതിപക്ഷ നേതാവിനായിരുന്നു പി.ടിയ്‌ക്ക് ലഭിച്ചതിലും കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്ന് പറഞ്ഞതല്ലേയെന്നാണ് ആദ്യ റൗണ്ട് ഫലങ്ങൾ വന്നുടനെ സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പകുതിയോളം റൗണ്ട് എണ്ണിയപ്പോൾ 12000ലധികമായിരുന്നു ഉമ തോമസിന്റെ ലീഡ്. അഞ്ച് റൗണ്ടിന് മുൻപ് തന്നെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പാർട്ടിയുടെ തോൽവി സമ്മതിക്കുകയും ചെയ്‌തു. ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ താൻ നേതൃത്വമൊഴിയുമെന്നാണ് സതീശൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ പറഞ്ഞത്.
തൃക്കാക്കരയിലൂടെ സെഞ്ചുറി അടിക്കുമെന്നായിരുന്നു ഇടത്പക്ഷത്തിന്റെ അവകാശവാദം. ചിട്ടയോടുകൂടിയ പ്രവർത്തനമാണ് തൃക്കാക്കരയിൽ യുഡിഎഫ് ക്യാമ്പ് നടത്തിയിരിക്കുന്നതെന്നും വിജയമുറപ്പാണെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. യുഡിഎഫിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ വിജയമാകും തൃക്കാക്കരയിലെന്ന് ഡിസിസി ഓഫീസിലിരുന്ന് സതീശൻ പറയുമ്പോൾ അത് കോൺഗ്രസിന്റെ യുവ നേതാക്കൾ പറഞ്ഞതുപോലെ യുഡിഎഫിന്റെ ക്യാപ്‌ടനായി സതീശൻ മാറുന്നതിന്റെ സൂചനകളും നൽകുന്നുണ്ട്.
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി കെ.വി തോമസ് പ്രചാരണത്തിനിറങ്ങിയപ്പോഴും തൃക്കാക്കര സീറ്റ് മോഹിച്ച് ഒരുപട കോൺഗ്രസ് നേതാക്കൾ ശ്രമിച്ചപ്പോഴും ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കി സതീശന്റെയും കെ.സുധാകരന്റെയും നേതൃത്വത്തിലുളള പുതിയ കോൺഗ്രസ് നേതൃത്വം വിശ്വാസത്തോടെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി.
ഭരണവിരുദ്ധ വോട്ടുകൾ ഒരിക്കലും ഭിന്നിക്കില്ലെന്ന് ഒരാഴ്‌ച മുൻപ് വളരെ ആത്മവിശ്വാസത്തോടെയാണ് സതീശൻ പ്രതികരിച്ചത്. സിപിഎമ്മിന്റെ മുഴുവൻ സംഘടനാ സംവിധാനവും അരയും തലയും മുറുക്കി പ്രചാരണം നടത്തിയിട്ടും അതൊന്നും തൃക്കാക്കരയിൽ നിന്ന് യുഡിഎഫിന്റെ അടിത്തറയെ, പി.ടിയോടുളള സ്‌നേഹത്തെ അകറ്റാൻ കഴിഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ.
മന്ത്രിമാരും എംഎൽഎമാരും എംപിമാരുമടക്കം വലിയ ഇടത് പടയാണ് തൃക്കാക്കരയിൽ പ്രചരണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് പൊതുസമ്മേളനങ്ങളിൽ പങ്കെടുത്തു. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ ബാലഗോപാൽ, എം.വി ഗോവിന്ദൻ, സജി ചെറിയാൻ, വീണാ ജോർജ്, വി.എൻ വാസവൻ, മുഹമ്മദ് റിയാസ് തുടങ്ങിയവരും എ.എം ആരിഫ്, എളമരം കരീം എന്നിങ്ങനെ വലിയ നേതാക്കളുമടക്കമാണ് ഇടത് പക്ഷത്തിന് വേണ്ടി രംഗത്തിറങ്ങിയത്.

പ്രചാരണ സമയത്ത് വിവാദങ്ങൾക്ക് പതിവുപോലെ ഒരു കുറവുമുണ്ടായില്ല. ഓരോ പ്രദേശങ്ങളിലും ജാതി-മത അടിസ്ഥാനത്തിൽ മന്ത്രിമാർ വോട്ട് ചോദിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചത്. ബിജെപിക്കായി പ്രചാരണത്തിനെത്തിയ പി.സി ജോർജും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. സിപിഎം സ്ഥാനാർത്ഥി ജോ ജോസഫിനെതിരായി വ്യാജ അശ്ളീല വീഡിയോ പ്രചരിച്ചത് മറ്റൊരു പ്രശ്‌നമായി. ഇതിന് പിന്നിൽ യുഡിഎഫാണെന്ന് എൽഡിഎഫ് ക്യാമ്പ് ആരോപിച്ചിരുന്നു. എന്നാൽ അറസ്‌റ്റിലായവർ ഇടത് പ്രവർത്തകരാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ദുർബലപ്പെടുന്നു എന്ന വിവാദവും കെറെയിൽ പ്രശ്‌നവും തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ശക്തമായി വി.ഡി സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ആരോപിച്ചു. തിരഞ്ഞെടുപ്പ് ദിവസം നടന്ന കളളവോട്ട് വിവാദങ്ങളും ശ്രദ്ധ നേടി. ഇതിന്റെയെല്ലാം ശക്തമായ പ്രതിഫലനമായി വേണം ഉമാ തോമസിന്റെ ലീഡ് നിലയിലെ കുതിപ്പ് കാണാൻ.

2019ൽ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് ബെന്നി ബഹനാൻ നേടിയ മണ്ഡലത്തിലെ ഭൂരിപക്ഷത്തിനടുത്തേക്കാണ് ഇപ്പോൾ ഉമയുടെ ലീഡ് നില. വരാനിരിക്കുന്ന 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ഇതേ ചിട്ടയോടെ മുന്നോട്ട് പോകാനായാൽ മുൻ തിരഞ്ഞെടുപ്പിലേത് പോലെ മികച്ച വിജയം ഇനിയും യുഡിഎഫിന് സാദ്ധ്യമാണെന്ന പ്രതീക്ഷയാണ് വി.ഡി സതീശന്റെ നേതൃത്വത്തിൽ വ്യക്തമാകുന്നത്.