kv

കൊച്ചി: തൃക്കാക്കരയിൽ പടുകൂറ്റൻ ലീഡുമായി യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് ചരിത്ര വിജയമുറപ്പിച്ചതോടെ കെ വി തോമസിനെതിരെ മുദ്രാവാക്യം വിളികളുമായി യു ഡി എഫ് പ്രവർത്തർ. അദ്ദേഹത്തിന്റെ വീടിനുമുന്നിൽ ആഹ്ളാദപ്രകടനം നടത്തിയ യു ഡി എഫ് പ്രവർത്തകർ റോഡിൽ തിരുത മീൻ നിരത്തി പ്രതീകാത്മകമായി കച്ചവടം നടത്തുകയും ചെയ്തു. യു ഡി എഫിനും ഉമയ്ക്കും ജയ് വിളിച്ചും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ മുന്നേറ്റം ആഘോഷിച്ചത്.ചിലയിടങ്ങളിൽ കോലം കത്തിക്കുകയും ചെയ്തു.

തുടക്കത്തിൽ ഉമ ലീഡ് നേടിത്തുടങ്ങിയപ്പോൾ തന്നെ കെ വി തോമസിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. നിന്നെ പിന്നെ കണ്ടോളാം എന്നായിരുന്നു പ്രവർത്തകർ വിളിച്ചുപറഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് കോൺഗ്രസുമായി കെ വി തോമസ് തെറ്റിപ്പിരിഞ്ഞത്. പാർട്ടി വിലക്കിയിട്ടും സി പി എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിൽ പങ്കെടുത്തതോടെയായിരുന്നു ഇത്. തുടർന്ന് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ രംഗത്ത് വരികയും എൽ ഡി എഫ് സ്ഥാനാർത്ഥിക്കുവേണ്ടി മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടുകയും ചെയ്തു. ഇതോടെ എല്ലാം സമ്മാനിച്ച പാർട്ടിയെ കെ വി തോമസ് പിന്നിൽ നിന്ന് കുത്തിയെന്ന വികാരം സാധാരണ പ്രവർത്തകരിൽ ഉൾപ്പടെ ശക്തമായി. ഇതാണ് അദ്ദേഹത്തിനെതിരെ അവർ രംഗത്തുവരാൻ കാരണം.

തൃക്കാക്കരയിൽ വ്യക്തമായ സ്വാധീനമുള്ള കെ വി താേമസ് തങ്ങളുടെ പക്ഷത്തേക്ക് വരുന്നത് കാര്യമായ പ്രയോജനം ചെയ്യുമെന്നായിരുന്നു എൽ ഡി എഫ് കണക്കുകൂട്ടൽ. പക്ഷേ, അദ്ദേഹത്തിന്റെ വരവ് ഒരു നേട്ടവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല കാര്യമായ കോട്ടമുണ്ടാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം കെ വി തോമസ് എന്ന രാഷ്ട്രീയക്കാരന്റെ അവസാനം ആകും എന്ന് കരുതുന്നവരും ഉണ്ട്.

അതേസമയം, കെ റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കുമെന്നായിരുന്നു കെ വി തോമസ് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ചത്. ഞാനിപ്പോഴും വികസനത്തിന്റെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു.