
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തന്റെ പ്രചാരണവും എൻഡിഎയ്ക്ക് ഗുണം ചെയ്തില്ലെന്ന് പി സി ജോർജ്. എൻഡിഎയ്ക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ പിണറായി വിരുദ്ധതമൂലം ഉത തോമസിന് ലഭിച്ചുവെന്നും പി സി ജോർജ് പറഞ്ഞു. തൃക്കാക്കരയിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചു. അതിനാൽതന്നെ ഒരു നിമിഷം താമസിക്കാതെ പിണറായി രാജിവയ്ക്കണമെന്നും ജോർജ് പറഞ്ഞു.
മതവിദ്വേഷപ്രസംഗകേസിൽ അറസ്റ്റിലായ പി സി ജോർജ് ജാമ്യത്തിലിറങ്ങിയതിന് ശേഷം പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ നേരിട്ട് തൃക്കാക്കരയിൽ എത്തി പ്രചാരണം നടത്തുകയായിരുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നാടകമാണ് തന്റെ അറസ്റ്റ് എന്നുവരെ പി സി ആരോപിച്ചിരുന്നു.
തൃക്കാക്കരയിൽ എൻഡിഎയ്ക്ക് ഇതുവരെ 7943 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അതേസമയം, യു ഡി എഫിന്റെ ഉമ തോമസ് ചരിത്ര വിജയത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. 17782 വോട്ടുകൾക്ക് ഉമ തോമസ് ലീഡ് ചെയ്യുകയാണ്. ആദ്യത്തെ മൂന്ന് റൗണ്ടുകൾ എണ്ണിത്തീർന്നപ്പോൾ തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി ടി തോമസ് നേടിയതിന്റെ ഇരട്ടിയോളം ലീഡാണ് ഉമ നേടിയത്. തുടക്കത്തിൽ യു ഡി എഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുകളാണ് എണ്ണിയത്. ഇതുകഴിയുമ്പോൾ തങ്ങൾ മുന്നോട്ടുവരും എന്നായിരുന്നു എൽ ഡി എഫ് കണക്കുകൂട്ടൽ. എന്നാൽ ഒരു ബൂത്തിൽപ്പോലും എൽ ഡി എഫിന് ലീഡ് നേടാനായിട്ടില്ല.