
കൊച്ചി: അടുത്തിടെ ഇറങ്ങിയ ഭീഷ്മപർവ്വം സിനിമയിലൂടെ പ്രശസ്തി നേടിയ മീനാണ് തിരുത. ദിലീഷ് പോത്തൻ ചെയ്ത ടി.വി. ജയിംസ് എന്ന രാഷ്ട്രീയ നേതാവ് ഡൽഹിയിൽ തിരുത കൊണ്ടുപോയി കൊടുത്ത് കാര്യങ്ങൾ സാധിക്കുന്നു. ഇതിലൂടെ തിരുത ചർച്ചകളിൽ നിറഞ്ഞപ്പോൾ ഈ മത്സ്യത്തിന് എന്താ ഇത്ര പ്രത്യേകത എന്ന് ചിന്തിച്ചിട്ടുണ്ടോ, എങ്കിൽ തിരുതയുടെ പ്രത്യേകതയെ കുറിച്ച് അറിയാം.
കടൽ വാസിയെങ്കിലും കായലിലും എറണാകുളം, ആലപ്പുഴ തീരദേശങ്ങളിലെ മത്സ്യക്കെട്ടുകളിലുമാണ് തിരുത വളരുന്നത്. നെയ്മീൻ മുതലായ വമ്പന്മാരുടെ ശ്രേണിയിൽ മുന്തിയ വിലയ്ക്ക് (കിലോയ്ക്ക് 800 രൂപ വരെ) വിറ്റുപോകും. കുഞ്ഞുങ്ങളെ പിടികൂടിയാണ് കർഷകർ കെട്ടുകളിൽ നിക്ഷേപിക്കുന്നത്. അതിവേഗം വളരും.
മത്സ്യഗവേഷകർ 1960 മുതൽ കിണഞ്ഞ് പരിശ്രമിച്ചിട്ടും തിരുതയുടെ കുഞ്ഞുങ്ങളെ കൃത്രിമമായി ഉത്പാദിപ്പിച്ചെടുക്കുന്നതിൽ പൂർണവിജയം നേടിയിട്ടില്ല. ഹാച്ചറിയിൽ മുട്ടവിരിയുമെങ്കിലും കുഞ്ഞുങ്ങൾ അതിജീവിക്കാറില്ല.
ആവാസ വ്യവസ്ഥ
സാധാരണ കടൽ മത്സ്യങ്ങൾക്ക് ലവണാംശം കുറഞ്ഞ കായൽ ജലത്തിൽ അതിജീവിക്കാനാവില്ല. എന്നാൽ തിരുതയ്ക്ക് കടലും കായലും ഒരുപോലെ. 'മുഗിലിഡെ' മത്സ്യകുടുംബത്തിൽപ്പെട്ടതാണ്. മുഗിൽസിഫാലസ് എന്നാണ് ശസ്ത്രനാമം.
പോഷക മൂല്യം
ഒമേഗ 3യുടെ അളവ് വളരെക്കൂടുതൽ. ശരീരഭാരത്തിന്റെ 23 ശതമാനം പ്രോട്ടീനും 29 ശതമാനം കൊഴുപ്പുമാണ്. സെലേനിയം, ഐസോലൂസിൻ, ലൈസീൻ, റിപ്‌ടോഫാൻ, ത്രിയോണിൻ തുടങ്ങിയ പോഷകാംശങ്ങളും കൂടുതലുണ്ട്.
വലിപ്പം
കേരളതീരങ്ങളിൽ ലഭിക്കുന്ന തിരുതയുടെ ശരാശരി വലിപ്പം 30-60 സെ.മീ. ഒരു മീറ്റർവരെയുള്ളതിനെയും ലഭിച്ചിട്ടുണ്ട്. 6 കിലോഗ്രാം വരെ ഭാരം.
പ്രജനനം
മൺസൂണിന് ശേഷമാണ് പ്രജനനകാലം. കുഞ്ഞുങ്ങളെ പുതുവൈപ്പിൻ മത്സ്യഗവേഷണ കേന്ദ്രത്തിന് സമീപത്തുനിന്ന് ശേഖരിച്ചാണ് കർഷകർക്ക് നൽകുന്നത്.