
കൊച്ചി: തൃക്കാക്കരയിൽ ഉമ താേമസ് വൻ വിജയം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനെയും കെ വി തോമസിനെയും പരിഹസിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. ക്യാപ്റ്റൻ നിലംപരിശായെന്നു പറഞ്ഞ സുധാകരൻ സ്വന്തം പഞ്ചായത്തിൽ പത്ത് വോട്ട് പിടിക്കാൻ പോലും കെ വി താേമസിനായിട്ടില്ലെന്ന് പരിഹസിക്കുകയും ചെയ്തു.
'ഓരോ റൗണ്ട് വോട്ടെണ്ണിക്കഴിയുമ്പോഴും ഇടതുമുന്നണി ഓരോ കാതം പിന്നോട്ടുപോകുന്നതാണ് കാണുന്നത്. കോടിയേരി പറഞ്ഞത് തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാവുമെന്നാണ്. തൃക്കാക്കരയിലെ ജനഹിതം കേരളത്തിന്റെ ജനഹിതമാണ്. അന്തസുണ്ടെങ്കിൽ പിണറായി രാജിവയ്ക്കണം. ജനഹിതത്തോട് മുഖ്യമന്ത്രി പ്രതികരിക്കണം. ഇന്നുവരെ കാണാത്ത തിരഞ്ഞെടുപ്പ് ധൂർത്താണ് ഇടതുപക്ഷം നടത്തിയത്. കോൺഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കാണുന്നത്. ഈ പുതിയ കോൺഗ്രസാണ് വരുന്ന തിരഞ്ഞെടുപ്പകൾ നേരിടാൻ പോകുന്നത്. എവിടെ, എന്ത് കെവി താേമസ്. ഒരു എഫക്ടും ഉണ്ടാക്കാനായില്ല. സ്വന്തം പഞ്ചായത്തിൽ പത്ത് വോട്ടുകൾ പോലും നേടാനായില്ല'-സുധാകരൻ പറഞ്ഞു.
അതേസമയം, തൃക്കാക്കരയിലെ വിജയാഘോഷം കെ.വി.തോമസിലേക്ക് കൂടി ഉന്നം വയ്ക്കുകയാണ് യുഡിഎഫ്. ഉമ ലീഡ് ഉയർത്തിയതോടെ തിരുത മീനുമായി പ്രവർത്തകർ നിരത്തിലെത്തി. തിരുത മീനുകൾ നിരത്തിവച്ച് 'തിരുത തോമസ് വേണോ, ഫ്രീയായി തരാം' എന്ന് അവർ പരിഹാസം മുഴക്കി. അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചാണ് പ്രവർത്തകരിൽ ചിലർ വിജയം ആഘോഷിച്ചത്.