uma-thomas

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അവസാന റൗണ്ട് വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ ഉമ തോമസ് അമ്പരപ്പിക്കുന്ന ലീഡുമായി വിജയക്കുതിപ്പ് തുടരുന്നു. 22483 ലീഡുമായാണ് യുഡിഎഫ് മുന്നേറുന്നത്. 59864 വോട്ടുകളാണ് ഉമ തോമസ് ഇതുവരെ നേടിയത്.

37381 വോട്ടുകളാണ് ഇടതുസ്ഥാനാർത്ഥി ജോ ജോസഫ് ഇതുവരെ നേടിയത്. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ 10753 വോട്ടുകളും. ഇതുവരെ പത്ത് ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് ലീഡ് ഉയർത്താനായത്.

ജോ ജോസഫിന്റെ വസതിയുടെ പ്രദേശമായ പാലച്ചുവട്, ചേമ്പുമുക്ക് മേഖലയിൽ നിന്നാണ് വോട്ടുകളാണ് പത്താെം റൗണ്ടിൽ എണ്ണുന്നത്. പതിനൊന്നാം റൗണ്ടിൽ സിപിഎമ്മിന് കൂടുതൽ വോട്ട് ലഭിക്കാൻ സാദ്ധ്യതയുള്ള കൊല്ലംകുടിമുകൾ, തെങ്ങോട്, തൃക്കാക്കര ഈസ്റ്റ്, കാക്കനാട് മേഖലയിൽ നിന്നുള്ള വോട്ടുകളാണ് എണ്ണുന്നത്. പന്ത്രണ്ടാം റൗണ്ടിൽ മാവേലിപുരം മേഖലയിൽ നിന്നുള്ള വോട്ടുകളും എണ്ണും.

ആദ്യത്തെ മൂന്ന് റൗണ്ടുകൾ എണ്ണിത്തീർന്നപ്പോൾ തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി ടി തോമസ് നേടിയതിന്റെ ഇരട്ടിയോളം ലീഡാണ് ഉമ നേടിയത്. 2021ൽ പി ടി തോമസിന്റെ 14,329 വോട്ടിന്റെ ലീഡാണ് ഉമ കടന്നത്. തുടക്കത്തിൽ യു ഡി എഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുകളാണ് എണ്ണിയത്.

വിവിധ ഇടങ്ങളിൽ യുഡിഎഫ് ആഹ്ളാദപ്രകടനം നടത്തുകയാണ്. യുഡിഎഫിനെ കൈയ്യൊഴിഞ്ഞ് ഇടതുസ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ കെ വി തോമസിനെതിരെ കനത്ത പ്രതിഷേധവും ഉയർന്നിരുന്നു.

രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണൽ തുടങ്ങിയത്. 21 ടേബിളുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുന്നത്. ആദ്യ റൗണ്ടിൽ ഒന്നു മുതൽ 15 വരെ ബൂത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. തുടർന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും, അവസാന റൗണ്ടിൽ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്.