
അടുത്തിടെ മലയാളികളുടെ മനസിൽ ആഴത്തിൽ വേരുറപ്പിച്ച സ്ത്രീയാരെന്ന് ചോദിച്ചാൽ ഒരു നിമിഷം പോലും ചിന്തിക്കാതെ ഉമാതോമസ് എന്ന പേര് പറയാം. അച്ചടക്കമുള്ള, ശാന്തതയും പ്രസന്നതയും കൈ വിടാതെ പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങി കന്നിയങ്കത്തിൽ തന്നെ വിജയക്കൊടി പാറിച്ച സ്ത്രീ. ഇതിലും ലളിതമായി ഉമയെ വിവരിക്കാനാകില്ല.
പി ടി തോമസ് എന്ന സർവസമ്മതനായ പൊതുപ്രവർത്തകന്റെ പങ്കാളിയായി ഇക്കഴിഞ്ഞ കാലമത്രയും പൊതുപ്രവർത്തനത്തിൽ നിന്നും മാറി ജീവിച്ചിരുന്നപ്പോഴും രാഷ്ട്രീയം മാറ്റി നിറുത്താൻ അവർക്കായിട്ടില്ല. പിടിയുടെ മണ്ഡലത്തിലെ ജനങ്ങളുടെ പിന്തുണ അവരുടേതും കൂടിയാണ്. രാഷ്ട്രീയത്തിൽ എന്നും പിടിയുടെ നിഴലായും പങ്കാളിയായും സഹപ്രവർത്തകയായും അവർ പിന്നിലുണ്ടായിരുന്നു.
സഹതാപ തരംഗം സൃഷ്ടിക്കാനായി കോൺഗ്രസിറക്കിയ സ്ഥാനാർത്ഥി എന്ന വിമർശനം ഉയരുമ്പോഴും ഉമാതോമസിന്റെ കലാലയ ജീവിതത്തിലെ മിന്നും രാഷ്ട്രീയ പ്രവർത്തനം ആരും കാണാതെ പോകരുത്. മഹാരാജാസ് കോളേജിന്റെ ചരിത്രം പരിശോധിച്ചാൽ അവിടെ തെളിയും ഉശിരുള്ള, നിലപാടുള്ള ഈ പെണ്ണിന്റെ കരുത്ത്.
പൊതുപ്രവർത്തക എന്ന നിലയിൽ ഉമയിൽ നിന്നും മലയാളികൾക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. പല വിമർശനങ്ങളും വിവാദങ്ങളും ഉയർന്നു കേട്ടപ്പോഴും അതിനോടെല്ലാം സമചിത്തതയോടെ, അതീവ സൗമ്യമായി മാത്രം പ്രതികരിച്ച ഒരു നേതാവ്.
അനാവശ്യമായ ഒരു പ്രതികരണവും ആ നാവിൽ നിന്നും പുറത്ത് കേട്ടിട്ടില്ല. രാഷ്ട്രീയ പ്രവർത്തനത്തിലെ നെറികെട്ട നീക്കങ്ങൾക്കിടെയാണ് സൗമ്യ സാന്നിദ്ധ്യമായി അതേസമയം ഉൾക്കരുത്തുള്ള പോരാളിയായി അവർ നിയമസഭയിലേക്ക് എത്തുന്നത്. കേരളം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഏറ്റവുമധികം ചർച്ച ചെയ്ത നടിയെ ആക്രമിച്ച കേസിൽ പിടി തോമസെടുത്ത നിലപാട് ഏറെ ശ്രദ്ധേയമായിരുന്നു.

ഇന്നും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിലും അത് ചർച്ചയാകണമെങ്കിൽ എത്രമാത്രം മികച്ച ഒരു നിലപാടായിരിക്കണം അദ്ദേഹമെടുത്തതെന്ന് മാത്രം ചിന്തിച്ചാൽ മതി. പി ടി എന്ന ജനപ്രിയ നേതാവിന്റെ ശബ്ദമാണ് ഉമയിലൂടെ മുഴങ്ങിയത്. ഒരുപക്ഷേ, ഉമ തന്നെയാണ് പിടി, പിടി തന്നെയാണ് ഉമ എന്ന് പറയുന്നതാകും കൂടുതൽ ശരി. രാഷ്ട്രീയത്തിലും ചിന്തകളിലും ജീവിതത്തിലും ഇത്രമേൽ ഒത്തൊരുമയുള്ള, പരസ്‌പര ബഹുമാനമുള്ള രണ്ട് നേതാക്കളുണ്ടാകുമെന്ന് കരുതുന്നില്ല.
ഒരേകാലത്ത് കലാലയത്തിൽ സജീവരാഷ്ട്രീയം നടത്തിയിരുന്ന രണ്ടുപേരാണ് പിടിയും ഉമയും. ജീവിതത്തിൽ വിപ്ലവം കാണിച്ചതുപോലെ തന്നെയാണ് രാഷ്ട്രീയത്തിലും ഇവരുടെ പ്രവർത്തനങ്ങൾ. പ്രകൃതിയെയും പരിസ്ഥിതിയെയും സംഗീതത്തെയും ചേർത്തു പിടിച്ചിരുന്നവർ.
പിടി പകർന്നു കൊടുത്ത ധൈര്യം കൊണ്ടാണ് കേസുമായി മുന്നോട്ട് പോകുന്നതെന്ന അതിജീവിതയുടെ വാക്കുകളിലുണ്ട് ആ രാഷ്ട്രീയ പ്രവർത്തകന്റെ ശക്തി. തന്നേക്കാൾ എത്രയോ പ്രബലനായ, മലയാള സിനിമയെ തന്നെ അടക്കി വാഴാൻ കഴിയുന്ന ഒരാളിനെതിരെ പരസ്യമായി യുദ്ധം കോർക്കാൻ പലരും മടിക്കും.
പല രാഷ്ട്രീയക്കാരും പിന്മാറും. പക്ഷേ, പിടി എന്ന നിലപാടുകളുടെ രാജാവ് അവിടെയും മുട്ടു മടക്കിയില്ല. ആരൊക്കെ പിന്തുണച്ചാലും ഇല്ലെങ്കിലും അവൾക്കൊപ്പം എന്നു തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ഉമാതോമസിന്റെ നിലപാടും അന്നും ഇന്നും മറ്റൊന്നല്ല. നിയമസഭയിലേക്ക് അവർ ജയിച്ചു വരുമ്പോൾ അതീജീവിതയ്‌ക്കൊപ്പം നിൽക്കുന്നവർക്ക് മറ്റൊരു ഉറച്ച ശബ്ദം കൂടി കിട്ടുകയാണ് ഉമയിലൂടെ.

പ്രചാരണ വേളകളിലെല്ലാം പിടി തോമസ് എന്ന നേതാവ് തുടങ്ങി വച്ച കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് മാത്രമാണ് അവർ പറഞ്ഞത്. അവർക്കറിയാം ശരിയുടെ പക്ഷത്ത് നിന്നയാളാണ് പിടിയെന്ന്. അതിന്റെ തുടർച്ച മാത്രമേ അവർക്ക് ചെയ്യേണ്ടതായുള്ളൂ. ഇത്രയധികം ഭൂരിപക്ഷത്തിൽ ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച് കയറാൻ കഴിഞ്ഞത് പിടിയുടെ ജനസമ്മിതിയാണെന്ന് സമ്മതിക്കുമ്പോഴും ഉമയെന്ന രാഷ്ട്രീയ പ്രവർത്തകയുടെ പ്രഭാവം അതൊട്ടും കുറയ്‌ക്കുന്നില്ല.
ഉറച്ച വാക്കുകളിലും, നിലപാടുകളിലും, തീരുമാനങ്ങളിലും മനോഭാവത്തിലുമെല്ലാം അവർ മികച്ച രാഷ്ട്രീയ പ്രവർത്തകയായിരിക്കുമെന്ന സൂചന തന്നെയാണ് മുന്നോട്ട് വയ്‌ക്കുന്നത്. കോൺഗ്രസിന്റെ ആദ്യ വനിതാ എംഎൽഎ ആയിട്ട് നിയമസഭയിലേക്ക് അവർ കടന്നു വരുമ്പോഴും പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമാകുമെന്നതിലും തർക്കമില്ല.