old-couch-

ഓൺലൈനിലൂടെ വാങ്ങിയത് സോഫയാണോ ലോട്ടറിയാണോ എന്ന സംശയത്തിലായിരുന്നു അപ്രതീക്ഷിതമായി പണപ്പൊതികൾ കണ്ടപ്പോൾ വിക്കി ഉമോഡുവിന് തോന്നിയത്. യുഎസിലെ കാലിഫോർണിയ നിവാസിയായ യുവതി വീട്ടിലേക്ക് പുതിയ ഫർണീച്ചറുകൾ വാങ്ങുന്നതിനായി ഓൺലൈനിലൂടെയാണ് സോഫയ്ക്ക് ഓർഡർ നൽകിയത്. സോഫ ലഭിച്ച ശേഷം നടത്തിയ പരിശോധനയിൽ തലയിണയ്ക്ക് അടിയിലായി മുഴച്ചിരിക്കുന്ന ഭാഗം കണ്ടപ്പോൾ യുവതിക്ക് സംശയം തോന്നിയെങ്കിലും അത് വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് അത് പണം നിറച്ച സോഫയാണെന്ന് വിക്കിക്ക് മനസിലായത്.

പണം നിറച്ച നിരവധി കവറുകൾ കണ്ടെത്തിയപ്പോൾ വിക്കിക്ക് വലിയ അത്ഭുതമായി. പണപ്പൊതികൾ അഴിച്ച് എണ്ണിത്തുടങ്ങിയപ്പോൾ അത് 36,000 ഡോളറുണ്ടെന്ന് കണ്ടെത്തി. മകനെയും വിളിച്ചു വരുത്തിയാണ് വിക്കി പണം കണക്കുകൂട്ടിയത്. എന്നാൽ ഈ സംഭവത്തിന് ഒരു രണ്ടാം ഭാഗവും ഉണ്ടായി. ഓൺലൈനിൽ നിന്നും സോഫ വിൽക്കാൻ വച്ചയാളുടെ മേൽവിലാസം കണ്ടെത്തിയ വിക്കി അവരെ ബന്ധപ്പെട്ട് പണത്തെ കുറിച്ച് വെളിപ്പെടുത്തുകയും തുക കൈമാറുകയും ചെയ്തു. വിക്കിയുടെ വലിയ മനസിനുള്ള നന്ദിസൂചകമായി പണത്തിന്റെ അവകാശികൾ രണ്ടായിരം ഡോളർ സമ്മാനമായി നൽകി. ഈ തുക ഉപയോഗിച്ച് ഒരു റഫ്രിജറേറ്റർ വാങ്ങാനാണ് വിക്കിയുടെ പദ്ധതി.