vikram

മാനഗരം, കൈതി, മാസ്റ്റർ. വെറും മൂന്ന് ചിത്രങ്ങൾ കൊണ്ട് ലോകേഷ് കനകരാജ് എന്ന സംവിധായകൻ സിനിമാ പ്രേമികൾക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. സ്റ്റൈലിഷ് മേക്കിംഗും രോമാഞ്ചം കൊള്ളിക്കുന്ന കഥ പറച്ചിലുമൊക്കെയായി സിനിമകൾ ഒരുക്കാറുള്ള ലോകേഷ് ഒരു ഫാൻബോയ് ചിത്രവുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഉലകനായകൻ കമലഹാസനോടൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിച്ചെത്തുന്ന 'വിക്രം' റിലീസിന് മുൻപ് തന്നെ സൃഷ്ടിച്ചത് വമ്പൻ ഹൈപ്പ് ആയിരുന്നു. ഏറ്റവുമൊടുവിലായി സൂര്യ കൂടി എത്തുന്നുവെന്ന് അറിഞ്ഞതോടെ സമീപ ഭാവിയിൽ പുറത്തിറങ്ങിയ ഏറ്റവും പ്രതീക്ഷയുള്ള തമിഴ് ചിത്രമായി വിക്രം മാറിയിരുന്നു.


ഒരിടവേളയ്‌ക്ക് ശേഷമെത്തുന്ന കമലഹാസൻ ചിത്രമാണ് വിക്രം. സംവിധായകന്റെ മുൻചിത്രമായ 'കെെതി'യുടെ തുടച്ചയെന്നോണമാണ് വിക്രം എത്തുന്നതെങ്കിലും കെെതി 2 അല്ല. കമൽ ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. എന്നാൽ കെെതിയിലെ കഥാപാത്രങ്ങളും കഥാപരിസരവും ഇവിടെയും ആവ‌ർത്തിക്കുന്നുണ്ട്.

kaithi

അടുത്തടുത്ത് നടക്കുന്ന കൊലപാതകങ്ങളും ഇതിന്റെ പിന്നിലുള്ളവരെ കണ്ടുപിടിക്കാൻ ഇറങ്ങുന്ന സ്പെഷ്യൽ ഫോഴ്‌സിന്റെ അന്വേഷണത്തെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ഇതിലേയ്ക്ക് ഓരോ കഥാപാത്രങ്ങളെയും സൂക്ഷ്മമായി സംവിധായകൻ ചേ‌ർത്തുവയ്ക്കുന്നു. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ട്വിസ്റ്റുകളും ചേ‌ർന്നതാണ് ആദ്യപകുതി. ഓരോ മുഖം മൂടികൾ അഴിഞ്ഞുവീഴുമ്പോഴും കെെയടിക്കാനുള്ള വക സംവിധായകൻ ഒരുക്കിവച്ചിട്ടുണ്ട്. ഇമോഷന് പ്രാധാന്യം നൽകുന്ന ഒരു കംപ്ലീറ്റ് ആക്ഷൻ ത്രില്ലറാണ് വിക്രം.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ചിത്രത്തിന്റെ വേഗത അൽപ്പമൊന്ന് കുറയുന്നുണ്ടെങ്കിലും മുന്നോട്ട് പോകുന്തോറും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നുണ്ട്. ലോകേഷിന്റെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ ക്ലെെമാക്സിനോടടുക്കുമ്പോൾ ചിത്രം ഗംഭീരമാകുന്നുണ്ട്. ആദ്യം മുതൽ അവസാനം വരെ ഓരോ സിനിമാ ആസ്വാദകനെയും രോമാഞ്ചം കൊള്ളിക്കാൻ ചിത്രത്തിനായിട്ടുണ്ട്. തന്റെ പൊളിറ്റിക്‌സ് വിക്രം എന്ന ചിത്രത്തിലും കമലഹാസൻ പറഞ്ഞുവയ്ക്കുന്നുണ്ട്.

vikram

കമൽ, ഫഹദ്, വിജയ് സേതുപതി, സൂര്യ

യുവതലമുറയിലെ മികച്ച താരങ്ങളോടൊപ്പം കമൽ ഹാസൻ എത്തിയ വിക്രം സിനിമാ പ്രേമികൾക്ക് ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ്. ആക്ഷൻ രംഗങ്ങളിലുൾപ്പടെ മികവുറ്റ പ്രകടനമാണ് കമലഹാസൻ ചിത്രത്തിൽ നടത്തിയിരിക്കുന്നത്. ചില രംഗങ്ങളിലൊക്കെ യുവതാരങ്ങളെ കാഴ്‌ചക്കാരാക്കാൻ തന്റെ പ്രകടനം കൊണ്ട് ഉലകനായകന് സാധിച്ചിട്ടുണ്ട്.

വിജയ് സേതുപതി, ഫഹദ് എന്നിവർക്ക് കൃത്യമായി പെർഫോം ചെയ്യാനുള്ള സ്‌പേസ് ചിത്രത്തിലുണ്ട്. ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന, പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അമർ എന്ന തന്റെ കഥാപാത്രത്തെ ശരീരഭാഷ കൊണ്ടും അഭിനയമികവ് കൊണ്ടും മികച്ചതാക്കാൻ ഫഹദിന് സാധിച്ചിട്ടുണ്ട്. ലോകേഷിന്റെ മാസ്റ്ററിൽ വില്ലനായി എത്തിയ വിജയ് സേതുപതി വിക്രമിലും ഞെട്ടിച്ചു. സന്ദനം എന്ന കഥാപാത്രത്തെ മാനറിസം കൊണ്ട് വേറിട്ടതാക്കാൻ താരത്തിനായി.

vikram

ഫഹദിനെയും വിജയ് സേതുപതിയെയും കൂടാതെ ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരേൻ, ഗായത്രി ശങ്കർ, അർജുൻ ദാസ്, ഹരീഷ് പേരടി എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. വിക്രത്തിന്റെ ഹെെപ്പ് പതിന്മടങ്ങാക്കിയത് സൂര്യ എന്ന താരത്തിന്റെ സാന്നിദ്ധ്യമാണ്. ചിത്രത്തിലെ സൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസിന് മുന്നെ പുറത്തുവിട്ടിരുന്നെങ്കിലും സൂര്യയുടെ കഥാപാത്രത്തിന്റെ പേര് പോലും വെളിപ്പെടുത്തിയിരുന്നില്ല. പകരം ചോദ്യചിഹ്നം മാത്രമാണ് കൊടുത്തിരുന്നത്. സൂര്യയുടെ വേഷത്തെക്കുറിച്ച് മറ്റൊരു വിവരങ്ങളും സംവിധായകൻ പുറത്തുവിട്ടിരുന്നില്ല. ചിത്രത്തിൽ ഒരു സർപ്രെെസ് എലമന്റായി തന്നെയാണ് സൂര്യയെ അവതരിപ്പിച്ചിരിക്കുന്നത്.

സംവിധായകന്റെ കെെയ്യൊപ്പ് പതിഞ്ഞ സ്റ്റെെലിഷ്, മാസ് മേക്കിംഗ്

റിലീസിന് മുൻപ് 200 കോടി ക്ളബിൽ കയറിയ ചിത്രമാണ് വിക്രം. സാറ്റ്‌ലൈറ്റിലും ഒ.ടി.ടിയിലുമായി വ്യത്യസ്ത ഭാഷകളിൽ ചിത്രത്തിന്റെ അവകാശം 200 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സംവിധായകന്റെ കെെയ്യൊപ്പ് പതിഞ്ഞ മേക്കിംഗ് സ്റ്റെെൽ തന്നയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചെറിയ റോളിലെത്തുന്ന കഥാപാത്രങ്ങളെപ്പോലും സ്റ്റെെലിഷായും മാസ് ആയും അവതരിപ്പിക്കാനുള്ള സംവിധായകന്റെ പ്രാവീണ്യം ഈ ചിത്രത്തിലും കാണാം.

vikram

ടെക്‌നിക്കലിയും മികവ് പുലർത്താൻ ചിത്രത്തിനായി. പ്രേക്ഷകർക്ക് വിഷ്വൽ ട്രീറ്റ് ഒരുക്കാൻ ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രാഹകന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഗംഭീരമായ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ മൂഡ് ആദ്യാവസാനം നിലനിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. ഗാനങ്ങളും മികവ് പുലർത്തി. ഫിലോമിൻ രാജിന്റെ എഡിറ്റിംഗും കെെയടി അ‌ർഹിക്കുന്നു. ലോകേഷും രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ആ‌ർ മഹേന്ദ്രനും കമലഹാസനും ചേർന്ന് നിർമ്മിച്ച ചിത്രം എച്ച്. ആർ പിക് ചേഴ്‌സാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്

വിക്രം റിലീസാകുന്നതിന് മുൻപേ ചർച്ചയായതാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്. ഇതിനെ പുതിയ ചിത്രത്തിലൂടെ ലോകേഷ് പൂ‌ർണമായും ശരിവയ്ക്കുകയാണ്. വിക്രം 2 വിനുള്ള സാദ്ധ്യത താരം തുറന്നുവയ്ക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ വൻ മാറ്റമൊരുക്കാനാകുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ തുടക്കം മാത്രമാണോ ഇതെന്ന സംശയം സ്വാഭാവികമാണ്.

വൻവിജയമായി മാറിയ മാസ്റ്ററിനു ശേഷം വീണ്ടും വിജയ് നായകനായെത്തുന്ന ചിത്രം ലോകേഷ് ഒരുക്കുന്നുണ്ട്. ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകുമോ എന്നുള്ള കാത്തിരിപ്പിലായിരിക്കും ഇനി ആരാധകർ.

master

സംവിധായകന്റെ മുൻചിത്രങ്ങളിൽ നിന്ന് ഒരു ആരാധകന് ലഭിച്ചിരുന്നതെന്താണോ അതിന് ഒരു പടി മുകളിലാണ് വിക്രം ഒരുക്കിയിരിക്കുന്നത്. കൊടുത്ത ഹെെപ്പിനോട് പൂ‌ർണമായി നീതി പുലർത്താനും ലോകേഷിന് സാധിച്ചിട്ടുണ്ട്. കെെതി കണ്ടിട്ടില്ലാത്തവർക്ക് വിക്രം പൂർണമായി ആസ്വദിക്കാൻ സാധിക്കില്ല. സംവിധായകൻ പറഞ്ഞത് പോലെ കെെതി കണ്ടതിന് ശേഷം മാത്രം വിക്രം കാണുന്നതാണ് ഉത്തമം. അൻപത് വർഷത്തിലേറെയായി സിനിമാ പ്രേമികളെ രസിപ്പിക്കുന്ന കമലഹാസൻ എന്ന അതുല്യ നടന്റെ ഫാൻ ബോയ് അദ്ദേഹത്തിന് നൽകിയ ഗംഭീര ട്രിബ്യൂട്ട് തന്നെയാണ് വിക്രം.

vikram