uma

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസിന് ഉജ്ജ്വല വിജയം. 25016 വോട്ടാണ് ഉമയുടെ ഭൂരിപക്ഷം. മണ്ഡല ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷമാണിത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ മറികടന്നത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ ആറാം റൗണ്ടിൽ തന്നെ മറികടന്നിരുന്നു.47752 വോട്ടുകളാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത്. ബി ജെ പി 12955 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.

വോട്ടെണ്ണലിന്റെ തുടക്കംമുതൽ വ്യക്തമായ ലീഡ് നേടിയാണ് ഉമ ചരിത്രവിജയം സ്വന്തമാക്കിയത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ലഭിച്ച ലീഡ് ക്രമാനുഗതമായി വർദ്ധിപ്പിച്ചാണ് വിജയക്കൊടുമുടിയിൽ എത്തിയത്. ചുരുക്കം ചില ബൂത്തുകളിൽ മാത്രമാണ് എൽ ഡി എഫിന് മുന്നേറ്റം നടത്താനായത്. ജയിച്ചില്ലെങ്കിലും ഭൂരിപക്ഷം കുറയ്ക്കാനാവുമെന്ന് കരുതിയിരുന്ന എല്‍ഡിഎഫ് പ്രതീക്ഷകള്‍ തകർത്തുകൊണ്ടുള്ള മുന്നേറ്റമാണ് ഉമ നടത്തിയത്. കെ വി താേമസിനെ മറുകണ്ടം ചാടിച്ച് നടത്തിയ കരുനീക്കങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി മൊത്തവും നടത്തിയ ചിട്ടയായ പ്രവർത്തനവും ജനങ്ങൾ തള്ളിക്കളഞ്ഞെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പി സി ജോർജിനെ ഇറക്കി വോട്ടുകൾ നേടാനുള്ള ബി ജെ പി തന്ത്രവും നിലംതൊട്ടില്ല.

തൃക്കാക്കര ഉറച്ച യു ഡി എഫ് മണ്ഡലമാണെന്നതും പിടി തോമസിനോടുള്ള ആദരവും ഉമയുടെ വിജയത്തിന് കാരണമായിട്ടുണ്ടെങ്കിലും സ്ഥാനാർത്ഥി നിർണയത്തിന്റെ തുടക്കത്തിൽ പുലർത്തിയ മേൽക്കൈ വോട്ടെടുപ്പുവരെ തുടരാനായതാണ് യു ഡി എഫിന്റെ വിജയത്തിന് പ്രധാന കാരണം. ഒപ്പം ഉമ തോമസിന് ലഭിച്ച സ്വീകാര്യതയും. മണ്ഡലത്തിലെ ജനങ്ങൾ തങ്ങളിലൊരാളായി ഉമയെ ഏറ്റെടുക്കുകയായിരുന്നു. വിവാദ പരാമർശങ്ങൾ ഒന്നും നടത്താത്തതും ചെറുപുഞ്ചിരിയോടെ നാട്യങ്ങളൊന്നുമില്ലാതെ ജനങ്ങളുമായി ഇടപഴകുന്നതിലും ഉമ വിജയിച്ചു. ഇതെല്ലാം സെഞ്ച്വറി മോഹവുമായെത്തിയ ഇടതുമുന്നണിയെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

udf

തിഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നായിരുന്നു സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞത്. 'ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഫലം തികച്ചും അപ്രതീക്ഷിതമാണ്. ജനവിധി എന്നത് ജനങ്ങളുടെ അഭിപ്രായമാണ് അത് ഞങ്ങൾ അംഗീകരിക്കുന്നു. കഴിഞ്ഞ ഒരു മാസം മണ്ഡലത്തിൽ പാർട്ടി നടത്തിയ പ്രവർത്തനങ്ങളുടെ രീതി വച്ച് ഇങ്ങനെ സംഭവിക്കേണ്ടതല്ല. അവിശ്വസിനീയമാണെങ്കിലും ഈ പരാജയം ഞങ്ങൾ അംഗീകരിക്കുന്നു. മുഖ്യമന്ത്രി നേരിട്ടല്ല, ഇലക്ഷൻ നയിച്ചത് ഞങ്ങൾ തന്നെയാണ്.'- സി എൻ മോഹനൻ പറഞ്ഞു.

പാർട്ടി ഏൽപ്പിച്ച ജോലി കഴിയുന്നത്ര ആത്മാർത്ഥമായി ചെയ്തു എന്നായിരുന്നു ഇടതു സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പറഞ്ഞത്.

'വിജയിക്ക് അനുമോദനം. പാർട്ടി ഏൽപ്പിച്ച ജോലി കഴിയുന്നത്രും ആത്മാർത്ഥമായി ചെയ്തു. തിരഞ്ഞെടുപ്പിനെ വ്യക്തിപരമായി കണ്ടിട്ടില്ല. വോട്ടെണ്ണൽ പൂർത്തിയായ ശേഷം മറ്റു കാര്യങ്ങൾ പാർട്ടി പരിശോധിക്കും. ഈ നിമിഷം വരെ ആത്മവിശ്വാസമുണ്ടായിരുന്നു. രാഷ്ട്രീയത്തിനതീതമായി കൂടെനിന്ന എല്ലാവർക്കും നന്ദി. പരാജയത്തിൽ വ്യക്തിപരമായി അഭിപ്രായം പറയേണ്ട കാര്യമില്ല വോട്ടെണ്ണൽ പൂർത്തിയായ ശേഷം പാർട്ടി തന്നെ ഇക്കാര്യം പരിശോധിക്കും. പരാജയം പൂർണമായും അംഗീകരിക്കുന്നു. കാരണങ്ങൾ പരിശോധിക്കാൻ ഇനിയും സമയമുണ്ട്. ഒരു പരാജയം കൊണ്ടുമാത്രം പാർട്ടി പുറകോട്ട് പോകില്ല. തൃക്കാക്കരയുടെ ഹൃദയം ഉമ കീഴടക്കിയത് വളരെ നല്ല കാര്യമാണ്. തോൽവി അപ്രതീക്ഷിതമായിരുന്നു '- ജോ ജോസഫ് പറഞ്ഞു.