
കൊച്ചി: ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര എന്ന ഹാഷ്‌ടാഗ് പ്രചാരണത്തോടെ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയതാണ് എൽഡിഎഫ്. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധൻ ജോ ജോസഫിനെ ആശുപത്രിയിൽ വച്ച് പ്രഖ്യാപിച്ചതുമുതൽ ശക്തമായ പ്രചരണം തന്നെയാണ് എൽഡിഎഫ് നടത്തിയത്. 99ൽ നിന്ന് സിക്‌സറടിച്ച് സെഞ്ചുറി തികയ്‌ക്കും എന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞിരുന്നത്. എന്നാൽ ഇടതുപക്ഷത്തിന് അവർ പ്രതീക്ഷിക്കാത്ത തരം തകർച്ചയാണ് തൃക്കാക്കരയിൽ നേരിടേണ്ടി വന്നത്.
2011ലാണ് എറണാകുളം ജില്ലയിലെ കൊച്ചി നഗരസഭയിലെ 31,33,34,36 മുതൽ 51 വാർഡുകളും തൃക്കാക്കര നഗരസഭയും ചേർത്ത് രൂപീകരിച്ച മണ്ഡലമാണ് തൃക്കാക്കര. രൂപീകരണശേഷമുളള മൂന്ന് തിരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായി തൃക്കാക്കര നിന്നു. ഇത്തവണയും ഭൂരിപക്ഷം ഒന്നുകൂടി വർദ്ധിപ്പിച്ച് കോൺഗ്രസിനൊപ്പം തൃക്കാക്കര നിന്നു.
ആശുപത്രിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപന സമയത്ത് എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനനും ലിസി ആശുപത്രി ഡയറക്‌ടർ ആയ കാത്തോലിക്ക സഭ വൈദികനും പങ്കെടുത്തത് ആദ്യം ഇടത്‌പക്ഷത്തെ പ്രതിരോധത്തിലാക്കി. സഭയുടെ സ്ഥാനാർത്ഥിയാണ് ജോ ജോസഫെന്ന് മറുപക്ഷം പ്രചരിപ്പിച്ചു. ഇതിന് നിയമസഭയിലേക്കുളള സ്ഥാനാർത്ഥിയാണെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും സിപിഎമ്മിലെ മുതിർന്ന നേതാക്കളുമെല്ലാം എൽഡിഎഫ് ക്യാമ്പിൽ വീടുകൾ കയറി പ്രചാരണം നടത്തി. മൂന്നോളം പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ചു. മന്ത്രിമാർ ഓരോ തെരുവുകളിലെയും വീടുകളിൽ കയറി പ്രചാരണം നടത്തിയത്. എന്നാലിത് ജാതി മത അടിസ്ഥാനത്തിൽ ഇടത് മുന്നണി മന്ത്രിമാരെയിറക്കി പ്രചാരണം നടത്തുകയാണെന്ന് പ്രതിപക്ഷ ആരോപണത്തിന് ഇടയാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ ബാലഗോപാൽ, വീണാ ജോർജ്, പി.എ മുഹമ്മദ് റിയാസ്, ഒ.അബ്‌ദു റഹ്‌മാൻ, എം.വി ഗോവിന്ദൻ, സജി ചെറിയാൻ, വി.എൻ വാസവൻ എന്നിവരടക്കം മന്ത്രിമാരും. പി.വി ശ്രീനിജനടക്കം എംഎൽഎമാരും, എ.എം ആരിഫ് എം.പി, ഇളമരം കരീം എന്നിങ്ങനെ മുതിർന്ന നേതാക്കളുടെ ഒരു പടതന്നെ എൽഡിഎഫിന് വേണ്ടി രംഗത്തിറങ്ങി. മന്ത്രി പി.രാജീവ്, എം.സ്വരാജ് എന്നിവർക്കായിരുന്നു തിരഞ്ഞെടുപ്പ് ചുമതല.ഒപ്പം എ.എ റഹീമടക്കം യുവ നേതാക്കളടക്കിയ ഡിവൈഎഫ്‌ഐയും പ്രവർത്തിച്ചു.
എണ്ണയിട്ട യന്ത്രം പോലെയായിരുന്നു എൽഡിഎഫ് പ്രചാരണം. അമേരിക്കയിൽ ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആദ്യമെത്തിയത് തന്നെ തൃക്കാക്കരയിലാണ്. മറുഭാഗത്താകട്ടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരുന്നു കോൺഗ്രസ് ക്യാമ്പിലെ ചുമതല. കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പിയ്‌ക്ക് ചികിത്സയിലായതിനാൽ മതിയായ വിധത്തിൽ പ്രചാരണത്തിന് സാധിച്ചില്ല.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും വലിയ സന്നാഹമുണ്ടായെങ്കിലും കേരളമാകെ പ്രചരിച്ച വിവാദങ്ങളുണ്ടായിട്ടും ഒരു റൗണ്ടിൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസിന് മുന്നിലെത്താൻ സിപിഎം സ്ഥാനാർത്ഥിയ്‌ക്ക് സാധിച്ചില്ല. മാത്രമല്ല 2011ലും 2016ലും ആദ്യ റൗണ്ടുകളിൽ പി.ടി തോമസ് നേടിയ വോട്ടിനെക്കാൾ ഇരട്ടിയായിരുന്നു ഉമ തോമസിന്റെ ലീഡ്. അവസാന റൗണ്ടിൽ മാത്രമാണ് അൽപം നില മെച്ചപ്പെടുത്താൻ ജോ ജോസഫിന് സാധിച്ചത്. മുൻ തിരഞ്ഞെടുപ്പിൽ സെബാസ്‌റ്റ്യൻ പോൾ ഇടത്പക്ഷത്തിന് നേടിക്കൊടുത്തത്ര വോട്ട് എന്നാൽ ജോയ്‌ക്ക് നേടാനായതേയില്ല.
തിരഞ്ഞെടുപ്പ് ജയിക്കുന്നതിന് പ്രചാരണത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെയിറക്കി എൽഡിഎഫ് പ്രചാരണം നടത്തിയിരുന്നു. വർഗീയ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജിനെ അറസ്‌റ്റ് ചെയ്‌തു. ഇതിനിടെ ഇടത് സ്ഥാനാർത്ഥിയുടെ പേരിൽ വ്യാജ അശ്ളീല വീഡിയോ പ്രചരിപ്പിച്ചു എന്ന് പ്രചാരണം നടന്നു. ട്വൻറി20യും ആംആദ്‌മി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയില്ല. ഇവയെല്ലാം ഇടത് പക്ഷത്തിന് അനുകൂലമാകുമെന്ന് അവർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

പി.ടി തോമസിനോട് അനുഭാവമുളളവരുടെ വോട്ടും, കെ റെയിൽ വിവാദത്തിലെ എതിർപ്പും മണ്ഡലത്തിലെ ട്വൻറി 20 അനുഭാവിയുടെ മരണവും എല്ലാം ഭരണവിരുദ്ധ വികാരമായെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഒപ്പം തിരഞ്ഞെടുപ്പ് സമയത്തെ കളളവോട്ട് നടന്നെന്ന ആരോപണങ്ങളുമുണ്ടായി.
കഴിഞ്ഞതവണ നേടിയ വോട്ടിനെക്കാൾ മൂവായിരത്തോളം വോട്ട് വർദ്ധിച്ചെങ്കിലും കുറഞ്ഞ വോട്ടിംഗ്‌നിലയിലും റെക്കാഡ് ഭൂരിപക്ഷമാണ് ഉമ തോമസ് ഇടത്പക്ഷത്തിനെതിരെ നേടിയത്. കഴിഞ്ഞ തവണ പി.ടി തോമസ് നേടിയത് 58707 വോട്ടുകളാണെങ്കിൽ ഇത്തവണ ഉമ 72,770 വോട്ടുകൾ നേടി. പി.ടിയുടെ പ്രവർത്തനത്തിനുളള ഫലമാണെന്നും സർക്കാരിന് ലഭിച്ച മറുപടിയാണെന്നും ഉമ തോമസിന്റെ വിജയശേഷമുളള പ്രതികരണം. പാർട്ടി പോലും പ്രതീക്ഷിക്കാത്ത ഇത്രവലിയ പരാജയത്തെ ഇടത്‌പക്ഷവും പ്രത്യേകിച്ച് സിപിഎമ്മും എങ്ങനെ വിലയിരുത്തുമെന്നാണ് കാണേണ്ടത്.