k-surendran-

കൊച്ചി: തൃക്കാക്കരയിൽ ഉമ തോമസിന്റെ റെക്കോർഡ് വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്കുണ്ടായ തോൽവിയിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ.

' സംസ്ഥാന സർക്കാരിനേറ്റിട്ടുള്ള ഏറ്റവും വലിയ തിരിച്ചടിയാണ്. സർക്കാരിന്റെ വർഗീയ പീഢന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയിൽ പ്രതിഫലിച്ചത്. പ്രധാനമായും ചില ഘടകങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഒന്നാമതായി ശക്തമായ സഹതാപതരംഗം ഉമ തോമസിന് അനുകൂലമായി ഉണ്ടായിരുന്നു. തൃക്കാക്കരയിലെ ജനങ്ങൾ പി ടി തോമസിനെ ഇപ്പോഴും സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ഈ സഹതാപ തരംഗം. രണ്ടാമത് സംസ്ഥാന സർക്കാ‌ർ ഏകാധിപത്യമായി നടത്തുന്ന പ്രവർത്തനങ്ങളോടുള്ള ശക്തമായ എതിർപ്പാണ്. പോപ്പുലർ ഫ്രണ്ടടക്കമുള്ള മതഭീകരവാദ സംഘടനകളെ പരസ്യമായി സഹായിച്ചതിന്റെ ഫലമായി ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ടായി. ആ പ്രതിഷേധമാണ് തൃക്കാക്കരയിൽ കണ്ടത്. പ്രത്യേകിച്ച് ഹൈന്ദവ, ക്രൈസ്തവ ജനവിഭാഗങ്ങൾക്കിടയിൽ എൽ ഡി എഫിനെതിരെ ശക്തമായ വികാരം പ്രതിഫലിച്ചു. ആലപ്പുഴയിലെ സംഭവവികാസങ്ങളും പോപ്പുലർ ഫ്രണ്ടിന്റെ അതിക്രമങ്ങളും നേരിടുന്നതിൽ സർക്കാ‌ർ കാണിച്ച അലംഭാവം വലിയ രീതിയിലുള്ള ദ്രുവീകരണത്തിന് കാരണമായി എന്നാണ് യു ഡി എഫിന്റെ വിജയം കാണിക്കുന്നത്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം വളരെ ദുർബലമായ മണ്ഡലമായിരുന്നു. ശക്തമായ പ്രവർത്തനങ്ങൾ നടത്തി. വോട്ട് ഏതാണ്ട് നിലനിർത്താനും കഴിഞ്ഞു. ഇതിൽ നിന്നെങ്കിലും സർക്കാ‌ർ പാഠം പഠിക്കണം. കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതിരുന്നിട്ടും കെ റെയിൽ വിഷയത്തിൽ കല്ല് സ്ഥാപിക്കാനും സർവേ നടത്തുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തിയതിനുള്ള തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ്.'- സുരേന്ദ്രൻ പറഞ്ഞു.