break-dance-academy

ഭോപാൽ: ബ്രേക്ക് ‌ഡാൻസിനായി പരിശീലന അക്കാഡമി തുടങ്ങാനൊരുങ്ങി മദ്ധ്യപ്രദേശ് കായിക യുവജനകാര്യ വകുപ്പ്. 2024ൽ പാരീസിൽ നടക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണിത്. രാജ്യത്ത് സർക്കാർ ആരംഭിക്കുന്ന ആദ്യത്തെ ബ്രേക്ക് ഡാൻസ് അക്കാഡമിയാണിത്.

2024 സമ്മർ ഒളിമ്പിക്സിൽ ഇടം നേടുകയെന്നതാണ് ലക്ഷ്യമെന്നും ഇതിനായി പ്രതിഭകളെ കണ്ടെത്തുന്നതിന് അന്താരാഷ്ട്ര ബ്രേക്ക് ഡാൻസ് കലാകാരന്മാർ ഈ മാസം അവസാനം മദ്ധ്യപ്രദേശിലെത്തുമെന്നും യുവജനക്ഷേമ മന്ത്രി യശോധര രാജെ സിന്ധ്യ പറഞ്ഞു. ടാലന്റ് സെർച്ചിൽ പങ്കെടുക്കുന്നതിനായി 12നും 20നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മുംബയ് ആസ്ഥാനമായുള്ള ഡാൻസർ ബി-ബോയ് കരീം ഉൾപ്പെടെയുള്ള പ്രമുഖരാണ് പ്രതിഭകളെ തിരഞ്ഞെടുക്കുന്നത്. ഒളിമ്പിക്സിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ 16പേർ വീതം മത്സരിക്കും.

2018ൽ ബ്യൂണസ് ഐറിസിൽ നടന്ന സമ്മർ യൂത്ത് ഒളിമ്പിക് ഗെയിംസിലാണ് ബ്രേക്ക് ഡാൻസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. യുവാക്കളെ ഒളിമ്പിക്സിലേയ്ക്ക് ആകർഷിക്കുന്നതിനായി 2024 ഒളിമ്പിക്സിൽ ബ്രേക്ക് ഡാൻസ് ഉൾപ്പെടുത്തുമെന്ന് 2020ൽ പ്രഖ്യാപനവും നടത്തി.

മദ്ധ്യപ്രദേശിൽ നിലവിൽ സ്പോർട്സ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ പത്ത് പരിശീലന അക്കാഡമികൾ പ്രവർത്തിക്കുന്നുണ്ട്. ചെറുപ്രായത്തിൽ തന്നെ കായിക പ്രതിഭകളെ കണ്ടെത്തി അവരെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി വളർത്തിയെടുക്കുന്നതിനുവേണ്ടിയാണ് ഇവ സ്ഥാപിച്ചത്. ഇതിൽ ഷൂട്ടിംഗ്, കുതിരസവാരി, വാട്ടർ സ്പോർട്സ്, ജൂഡോ, ഹോക്കി, അത്‌ലറ്റിക്സ്, ബാഡ്മിന്റൺ, ആയോധന കലകൾ എന്നിവ ഉൾപ്പെടെ 18കായിക ഇനങ്ങൾ ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. ഈ അക്കാഡമികളിൽ നിന്നും പരിശീലനം ലഭിച്ച നിരവധി താരങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്.