
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരണവുമായി എം സ്വരാജ്. വികസനത്തിന്റെ രാഷ്ട്രീയമാണ് ഇടതുസർക്കാർ മുന്നോട്ട് വച്ചതെങ്കിലും ജനങ്ങൾ അത് പരിഗണനാ വിഷയമായി കണ്ടിട്ടുണ്ടാകില്ല. പക്ഷേ കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ വോട്ട് വിഹിതം വർദ്ധിച്ചിട്ടുണ്ടെന്നും മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ തവണ 15000വോട്ടിന് തോറ്റ സ്ഥലമല്ലേ. അവർക്ക് കുറേ കൂടി വോട്ട് കിട്ടി. ഞങ്ങളുടെ വോട്ടും വർദ്ധിക്കുകയാണ് ചെയ്തത്. നിയമസഭാംഗമായ ഒരാൾ മരിച്ചാൽ അദ്ദേഹത്തിന്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാർത്ഥിയായി വന്ന അവസരങ്ങളിലെല്ലാം അവർ വിജയിച്ചതായിട്ടാണ് കാണുന്നത്. അതിനെയാണ് നമ്മൾ സഹതാപ തരംഗം എന്നൊക്കെ പറയുന്നത്.
ആ ചരിത്രം തിരുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. ആ രീതി തന്നെ തുടർന്നതായിട്ടാണ് കാണുന്നത്. ഇത് സർക്കാരിനെതിരാണ് വ്യാഖ്യാനിച്ചാൽ തെറ്റായ നിഗമനങ്ങളിലേക്കാണ് എത്തിച്ചേരുന്നത്.
ഭരണത്തിന്റെ വിലയിരുത്തൽ എന്നൊക്കെ പറഞ്ഞാൽ ഇപ്പോൾ പവർ കട്ടോ ലോഡ് ഷെഡിംഗോ കേരളത്തിൽ ഇല്ല. അത് എൽഡിഎഫ് ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി ഇടമൺ പവർ ഹൈവേ യാഥാർത്ഥ്യമായപ്പോൾ സംഭവിച്ചതാണ്. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്‌ക്കാൻ ശ്രമിച്ചത്. പക്ഷേ ജനങ്ങളുടെ വിധിയെഴുത്ത് പരിഗണിച്ചപ്പോൾ അവരുടെ പരിഗണനാ വിഷയമായി അത് മാറിയിട്ടുണ്ടോ എന്ന് സംശയമാണ്.
99 സീറ്റും നേടിയ തിരഞ്ഞെടുപ്പിൽ ഇവിടെ ഞങ്ങൾ പരാജയപ്പെട്ടിരുന്നു. പക്ഷേ, ഇത്തവണ 2500 വോട്ടുകൾ അധികം കിട്ടിയിട്ടുണ്ട്. പിന്തുണ നഷ്‌ടപ്പെട്ടുവെന്ന് പറയാൻ പറ്റില്ല. ഈ തിരഞ്ഞെടുപ്പിലെ പരാജയം ഞങ്ങൾ അംഗീകരിക്കുന്നു.' സ്വരാജ് പറഞ്ഞു.