wedding-

ലക്നൗ : ഉത്തർപ്രദേശിലെ ബാഗ്പത്തിൽ കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവ് മാനഹാനിയിൽ മാതാവും സഹോദരിമാരും ആത്മഹത്യ ചെയ്തതിനെ തുടർന്ന് തിരികെ എത്തി. പതിനെട്ട് വയസുള്ള കോമൾ സിംഗിനൊപ്പമാണ് പ്രിൻസ് സിംഗ് വീടു വിട്ടു പോയത്. മകളെ പ്രിൻസ് തട്ടിക്കൊണ്ട് പോയതാണെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് യുവാവിന്റെ വീട്ടിൽ റെയിഡ് നടത്തിയിരുന്നു. ഇതിനെ തുടർന്നുള്ള മാനഹാനിയിലാണ് പ്രിൻസിന്റെ മാതാവും രണ്ട് സഹോദരിമാരും ആത്മഹത്യ ചെയ്തത്. മടങ്ങിയെത്തിയ പ്രിൻസ് കോമളിനെ വിവാഹം ചെയ്തുവെന്നും സംരക്ഷണം വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തുടർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് പൊലീസ് യുവാവിന്റെ കുടുംബത്തെ നിരന്തരം പീഡിപ്പിച്ചിരുന്നു. പൊലീസ് വീട്ടിൽ റെയിഡ് നടത്തുന്നതിനിടെയാണ് കുടുംബാംഗങ്ങൾ വിഷം കഴിച്ചത്. ഛപ്രൗലി പൊലീസ് സ്റ്റേഷന് കീഴിലുള്ള ബച്ചോർ ഗ്രാമത്തിലാണ് സംഭവം. ഒളിച്ചോടിയ കമിതാക്കൾ ഹരിദ്വാറിൽ വച്ചാണ് തങ്ങൾ വിവാഹിതരായതെന്ന് പരസ്യമാക്കിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് പ്രിൻസിനൊപ്പം പോയതെന്ന് കോടതിയിൽ പെൺകുട്ടി പറഞ്ഞു. ഇതേ തുടർന്ന് കോടതിയുടെ നിർദേശപ്രകാരം ഇരുവർക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

മേയ് മൂന്നിനാണ് മകളെ പ്രിൻസ് തട്ടിക്കൊണ്ടുപോയെന്ന് കോമളിന്റെ അച്ഛൻ പരാതി നൽകിയത്. മേയ് 24നാണ് ഇവരെ തേടി പൊലീസ് യുവാവിന്റെ വീട്ടിൽ റെയിഡ് നടത്തിയത്. പ്രിൻസിന്റെ അമ്മ ഗീതയും സഹോദരിമാരായ സ്വാതിയും പ്രീതിയും പൊലീസ് മർദനമുണ്ടെന്ന് ആരോപിച്ചാണ് വിഷം കഴിച്ചത്. മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൂവരും മരിച്ചത്.