
ജീവിതത്തിൽ കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്നവർക്കും സ്വപ്നം സഫലീകരിക്കാനാവുമെന്നതിന് മികച്ച ഉദാഹരണമാവുകയാണ് പാലക്കാട്ടുകാരിയായ സി എസ് രമ്യ. അഞ്ച് തവണ പൊരുതി തോറ്റെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറാകാത്ത രമ്യ ആറാം തവണ സിവിൽ സർവീസ് പരീക്ഷയിൽ 40ാം റാങ്ക് നേടിയാണ് വിജയകിരീടം ചൂടിനിൽക്കുന്നത്. മലയാളികളിൽ രണ്ടാം റാങ്ക് നേടിയെങ്കിലും കോയമ്പത്തൂരിലായതിനാൽ നേട്ടം കേരളത്തിലെത്താൻ കുറച്ച് വൈകി. വർഷങ്ങളായി കോയമ്പത്തൂരിലെ രാംനഗർ കാട്ടൂരിലാണ് രമ്യ താമസിക്കുന്നത്.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ രമ്യയ്ക്ക് കഠിനാധ്വാനവും നിശ്ചയദാർഢ്യവും സമ്മാനിച്ച അംഗീകാരമാണ് സിവിൽ സർവീസ് പരീക്ഷയിലെ ഉന്നത വിജയം. 2015ലായിരുന്നു ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതിയത്. ആദ്യ ഘട്ടത്തിൽ പ്രിലിമിനറി കടന്നെങ്കിലും മെയിൻ കടക്കാനായില്ല. അടുത്ത തവണ മെയിൻ പാസായി. എന്നാൽ ഇന്റർവ്യൂവിൽ പരാജയപ്പെട്ടു. എന്നിട്ടും പോരാട്ടം തുടർന്ന രമ്യ ആറാം തവണ വിജയിക്കുകയായിരുന്നു.
ആർ മുത്തുലക്ഷ്‌മിയുടെയും നെന്മാറ സ്വദേശി പരേതനായ ആർ ചന്ദ്രശേഖരന്റെയും ഏകമകളായ രമ്യ വീടു പുലർത്താനും അമ്മയെ നോക്കാനുമായി ജോലി ചെയ്തുകൊണ്ടാണ് ലക്ഷ്യത്തിലേക്കുള്ള യാത്രയും തുടർന്നത്. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വന്നെങ്കിലും രമ്യ തളർന്നില്ല. പണം തികയാത്തതിനാൽ ആദ്യ രണ്ടുവർഷം രമ്യയ്ക്ക് പരീശീലനത്തിന് പോകാൻ സാധിച്ചിരുന്നില്ല. പിന്നീട് ആമസോണിൽ ജോലിയ്ക്ക് ചേർന്നെങ്കിലും ജോലിയും പഠനവും ഒന്നിച്ചുകൊണ്ടുപോകാനാകാതെ വന്നപ്പോൾ അതുപേക്ഷിച്ചു. പിന്നീട് ഡേറ്റാ എൻട്രി, ഡേറ്റാ കളക്ഷൻ എന്നിങ്ങനെ വിവിധ ജോലികൾ ചെയതാണ് കുടുംബം നോക്കുകയും പഠനം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തത്.
ചെറുപ്പംമുതൽ തന്നെ രമ്യ പഠനത്തിൽ മികവ് പുലർത്തിയിരുന്നു. പത്താം ക്ളാസിൽ തമിഴ്‌നാട്ടിൽ നിന്ന് രണ്ടാം റാങ്കോടെയാണ് പാസായത്. പിന്നാലെ എൻജിനീയറിംഗ് ഡിപ്ളോമ സ്വർണ മെഡലോടെയും എൻജിനീയറിംഗ് ബിരുദം മികച്ച ഔട്ട്‌സ്റ്റാൻഡിംഗ് സ്റ്റുഡന്റായും പാസായി. ഇഗ്നോയിൽ നിന്ന് എംബിഎയും രമ്യ സ്വന്തമാക്കിയിരുന്നു. സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ നൂറിൽ എത്തിയ രമ്യയ്ക്ക് ഐഎഫ്എസ് തിരഞ്ഞെടുക്കാനാണ് താത്പര്യം.