
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെൻസ് കാറിനുളളിൽ കൂട്ടബലാൽസംഗത്തിനിരയാക്കി. കേസിലെ അഞ്ച് പ്രതികളിലൊരാൾ എംഎൽഎയുടെ മകനാണ്. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. തെലങ്കാനയിലെ ജൂബിലി ഹിൽസിൽ ശനിയാഴ്‌ചയാണ് സംഭവമുണ്ടായത്. പീഡനത്തിനിരയായ 17വയസുകാരിയെ പരിശോധനയ്‌ക്ക് വിധേയയാക്കി. പ്രതികളിൽ ഒരാളെ മാത്രമേ പെൺകുട്ടിയ്‌ക്ക് തിരിച്ചറിയാൻ സാധിച്ചുളളുവെന്ന് പൊലീസ് അറിയിച്ചു.
അതിക്രമം നടത്തിയവർക്കെതിരെ കൂട്ടബലാൽസംഗത്തിനും പോക്‌സോ വകുപ്പനുസരിച്ചും കേസെടുത്തു. എംഎൽഎയുടെ മകനും ന്യൂനപക്ഷ ബോർഡ് ചെയർമാനും പങ്കെടുത്ത ഒരു പാർട്ടിയിൽ പെൺകുട്ടി പങ്കെടുത്തിരുന്നു. പെൺകുട്ടിയെ പ്രതികൾ കാറിൽ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.കുട്ടിയോട് പ്രതികൾ മോശമായി പെരുമാറിയെന്നും കുട്ടിയുടെ കഴുത്തിലടക്കം പരിക്കേൽപ്പിച്ചെന്നും കുട്ടിയുടെ അച്ഛൻ അറിയിച്ചു.
അഞ്ച് പ്രതികളെയും ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് തെലങ്കാന ബിജെപി ആവശ്യപ്പെട്ടു. എഐഎംഐഎം പാർട്ടി എംഎൽഎയുടെ മകനാണ് പ്രതികളിലൊരാൾ. സംഭവത്തിൽ അസദുദ്ദീൻ ഒവൈസിയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും വിശദീകരണം നൽകണമെന്ന് ബിജെപി നേതാവ് കൃഷ്‌ണ സാഗർ റാവു ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതി പൊലീസ് നേരെ അന്വേഷിക്കുന്നില്ലെന്നും റാവു പറഞ്ഞു.