
നോയിഡ : ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമെന്ന ഖ്യാതിയുള്ള നോയിഡ വിമാനത്താവളത്തിന്റെ നിർമ്മാണ കരാർ ടാറ്റ സ്വന്തമാക്കി. യുപിയിലെ വ്യാവസായിക കേന്ദ്രമായ ഗ്രേറ്റർ നോയിഡയിലാണ് അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ വിഭാഗമായ ടാറ്റ പ്രോജക്ട്സാണ് കരാർ ഏറ്റെടുത്തത്. കരാറിന്റെ ഭാഗമായി വിമാനത്താവളത്തിൽ ടെർമിനൽ, റൺവേ, എയർസൈഡ് ഇൻഫ്രാസ്ട്രക്ചർ, റോഡുകൾ, യൂട്ടിലിറ്റികൾ, ലാൻഡ്‌സൈഡ് സൗകര്യങ്ങൾ, മറ്റ് അനുബന്ധ കെട്ടിടങ്ങൾ എന്നിവ ടാറ്റ പ്രോജക്ട്സ് നിർമ്മിക്കും. യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡാണ് ഈ പദ്ധതിയുടെ ഉടമകൾ. സ്വിസ് ഡെവലപ്പർ ആയ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണലിന്റെ 100 ശതമാനം നിക്ഷേപമുള്ള അനുബന്ധ സ്ഥാപനമാണ് യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്.
2019ലാണ് സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ നോയിഡ വിമാനത്താവള പദ്ധതിയുടെ ബിഡ് സ്വന്തമാക്കിയത്. 2020 ഒക്ടോബർ ഏഴിന് കമ്പനിയുമായി ഉത്തർപ്രദേശ് സർക്കാർ കരാർ ഒപ്പിട്ടു. നിർമാണം പൂർത്തിയായാൽ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായിരിക്കും നോയിഡ അന്താരാഷ്ട്ര വിമാനത്താവളം. ഗൗതംബുദ്ധ നഗറിലെ ജോവാറിലാണ് 29,560 കോടി രൂപ ചെലവിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുന്നത്. യു പി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. സൈനികാവശ്യത്തിനുള്ള സന്നാഹങ്ങൾ ഉൾപ്പെടെ എല്ലാത്തരം ചരക്കു നീക്കത്തിന്റെയും ലോകോത്തര കവാടമായി വിമാനത്താവളം മാറുമെന്നും ഉത്തരേന്ത്യയെ ആഗോള ഭൂപടത്തിൽ രേഖപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുമുള്ള കേന്ദ്രമായും വിമാനത്താവളത്തെ ഉപയോഗിക്കും. ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
5000 ഹെക്ടർ ഭൂമിയിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിൽ എട്ട് റൺവേകൾ ഉണ്ടാവും 2024ൽ ആദ്യ വിമാനം പറന്നുയരും. ഇതോടെ അഞ്ചു വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമാകും യു.പി . ലക്നൗ, വാരണാസി, കുശിനഗർ എന്നിവയ്ക്ക് പുറമെ, അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.