temple

വിചിത്രമായ ക്ഷേത്ര ആചാരങ്ങളാൽ പ്രശസ്തമാണ് നമ്മുടെ രാജ്യത്തെ പല ക്ഷേത്രങ്ങളും. വ്യത്യസ്തമായ പ്രതിഷ്ഠകളും വിവിധമായ ആചാരങ്ങളുമാണ് ഇന്ത്യയിലെ ക്ഷേത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ പല ആഗ്രഹങ്ങളും നടത്തിത്തരാൻ കഴിവുള്ള ഒരു ദേവീപ്രതിഷ്ഠയും അവിടുത്തെ വ്യത്യസ്തമായ ആചാരവും അറിയാം.

തമിഴ്നാട്ടിലാണ് അണ്ണാമലൈ മസാനി അമ്മൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പൊള്ളാച്ചിയിൽ നിന്നും ഏകദേശം 25കിലോമീറ്റർ അകലെ, ആളിയാർ പുഴയുടെ തീരത്ത് ആനമലനിരകളിലാണ് ഈ ക്ഷേത്രം. ഒരുപാട് പ്രത്യേകതകളുണ്ട് ഈ ക്ഷേത്രത്തിന്, പതിനഞ്ചടി നീളത്തിൽ മണ്ണിൽ തീർത്ത വിഗ്രഹം മലർന്നു കിടക്കുന്ന രൂപത്തിലാണ്. കാൽച്ചുവട്ടിൽ ദേവിയുടെ പുത്രനെന്ന സങ്കല്പത്തിൽ ഒരു ചെറിയരൂപവുമുണ്ട്. ഈ അമ്മൻ കോവിലിൽ ഏറെ വിചിത്രമായ ഒരു ആചാരമുണ്ട്. മുളകരച്ച് വിഗ്രഹത്തിൽ തേച്ചാൽ ആഗ്രഹിച്ച കാര്യങ്ങൾക്കു അനുകൂലമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസികൾ പറയുന്നത്. എന്നാൽ വിഗ്രഹത്തിൽ മുളകരച്ച് തേയ്ക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ശിലയിൽ മൂന്ന് തവണ മുളകരച്ച് തേയ്ക്കണം. ഇങ്ങനെ ചെയ്ത ശേഷം തിരിഞ്ഞു നോക്കാതെ ആഗ്രഹിച്ച കാര്യം പ്രാർത്ഥിച്ചുകൊണ്ട് വേണം ക്ഷേത്രത്തിൽ നിന്നും പുറത്തേക്കിറങ്ങാൻ. അതിനു ശേഷം മറ്റെവിടെയും പോകാതെ സ്വന്തം വീട്ടിലേക്കു മടങ്ങണം. വിശന്നാൽ മാത്രം ഭക്ഷണം കഴിക്കാൻ എവിടെയെങ്കിലും ഇറങ്ങാം. അല്ലാതെ വേറെയെവിടെയെങ്കിലും തങ്ങുന്നത് പ്രാർത്ഥന വിഫലമാക്കാനിടയുണ്ട്. ഇപ്രകാരം ചെയ്താൽ ആഗ്രഹിച്ച കാര്യം മൂന്നുമാസത്തിനുള്ളിൽ നടക്കുമെന്നാണ് പറയപ്പെടുന്നത്.

വഴിപാടു നടത്തി മടങ്ങി മൂന്നു മാസത്തിനിടെ ഫലപ്രാപ്തിയുണ്ടാകും. ഫലസിദ്ധി ലഭിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു തവണ കൂടി ക്ഷേത്രത്തിൽ എത്തണം. മുളകരച്ചു തേച്ച കല്ലിൽ കരിക്കുകൊണ്ട് അഭിഷേകം നടത്തി നമ്മുടെ സന്തോഷവും ദേവിയോടുള്ള നന്ദിയും പ്രകടിപ്പിക്കണം. അപ്പോൾ മാത്രമാണ് പ്രാർത്ഥന പൂർത്തിയാകുന്നത്. സ്ത്രീകളുടെ ആർത്തവ സമയത്തെ വയറുവേദന പോലുള്ള അസ്വസ്ഥതകൾക്ക് ഇവിടെയെത്തി പ്രാർത്ഥിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ സങ്കടങ്ങൾ എഴുതി ദേവിയുടെ കൈയിൽ കൊടുക്കുന്നത്‌ ദുരിതശമനത്തിനു നല്ലതാണെന്നും പറയപ്പെടുന്നു.

ശ്രീരാമൻ നിർമിച്ചതാണ് ഈ ക്ഷേത്രത്തിലെ അമ്മൻ വിഗ്രഹമെന്നാണ് പറയപ്പെടുന്നത്. അതുമാത്രമല്ല രാമ-രാവണ യുദ്ധത്തിനു മുൻപ് ശ്രീരാമ ദേവൻ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചിട്ടാണ് പോയതെന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ ചൊവ്വയും വെള്ളിയുമാണ്. ജനുവരി മാസത്തിലാണ് ഉത്സവം നടക്കാറ്. ഉത്സവത്തിന്റെ അവസാന ദിനത്തിൽ തീയാട്ടവും ഇവിടെ നടക്കാറുണ്ട്.