rahim

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കെ.വി തോമസിനെതിരെ നടന്ന കോൺഗ്രസ് പ്രതിഷേധങ്ങളിൽ എതി‌ർപ്പ് അറിയിച്ച് എ.എ റഹീം എം.പി. കെ.വി തോമസിനെപോലെ തലമുതിർ‌ന്ന ഒരു നേതാവിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോൺഗ്രസ് അണികൾ ചെയ്‌തതെന്ന് റഹീം കുറ്റപ്പെടുത്തി. ഇതിനെ ആരും തള‌ളിപ്പറയാത്തത് അത്ഭുതപ്പെടുത്തുന്നതാണെന്നും എ.എ റഹീം പറഞ്ഞു.

രാഷ്‌ട്രീയമായി കെ.വി തോമസിനെ നേരിടാം എന്നാൽ എറണാകുളം പട്ടണത്തിലൂടെ തിരുത മീനുമായി പ്രകടനം നടത്തുകയാണ്. വംശീയാധിക്ഷേപം നടത്താനുള‌ള ലൈസൻസാണ് തൃക്കാക്കരയിലെ വിജയമെന്ന് കോൺഗ്രസ് തെറ്റിദ്ധരിക്കരുതെന്ന് റഹീം പറഞ്ഞു. കോൺഗ്രസിനെ തിരഞ്ഞെടുപ്പ് വിജയം അഹങ്കാരികളാക്കി മാറ്റിയെന്നും റഹീം കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് പ്രവർത്തകരുടെ ഈ പ്രവർത്തിയെ തള‌ളിപ്പറയാൻ നേതാക്കൾ പോലും തയ്യാറായില്ലെന്നും റഹീം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഉമ തോമസിന് ലീഡ് വന്നതോടെ കെ.വി തോമസിന്റെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ‌ തിരുത മീൻ പ്രതീകാത്മകമായി വിൽക്കാൻ വച്ചും പടക്കം പൊട്ടിച്ചുമാണ് ആഘോഷിച്ചത്. യുഡിഎഫിന് ജയ് വിളിച്ച പ്രവർത്തകർ കെ.വി തോമസിന്റെ ചിത്രം കത്തിക്കുകയും ചെയ്‌തിരുന്നു.