
ജയസൂര്യയെ നായകനാക്കി മെട്രോമാൻ ഇ. ശ്രീധരന്റെ ബയോപിക് രാമസേതു വെബ് സീരിസാവുന്നു. മലയാളം, ഹിന്ദി പതിപ്പുകളിൽ ഒരുങ്ങുന്ന വെബ് സീരിസ് വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്നു. സോണി ലിവിണ് നിർമ്മാണം. രാമസേതു എന്ന പേരിൽ സിനിമ ചെയ്യാനായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ബഡ്ജറ്റാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിവരം. മംമ്ത മോഹൻദാസാണ് ജയസൂര്യയുടെ നായികയാവുന്നത്. ഹിന്ദി പതിപ്പിൽ ആരായിരിക്കും ഇ. ശ്രീധരനാവുക എന്നു അറിവായിട്ടില്ല. 
എസ്. സുരേഷ്ബാബു രചന നിർവഹിക്കുന്നു. ഇ. ശ്രീധരന്റെ 30 മുതൽ 85 വയസുവരെയുള്ള ജീവിതമാണ് സീരിസിൽ പറയുന്നത്. 
ഇ. ശ്രീധരന്റെ നാടായ പൊന്നാനി പ്രധാന ലൊക്കേഷനായിരിക്കും. 
പാമ്പൻ പാലത്തിന്റെ പുനർനിർമ്മാണത്തിൽ ശ്രീധരൻ വഹിച്ച പങ്ക്, കൊച്ചിൻ ഷിപ്പ്യാർഡ്, ഇന്ത്യൻ റെയിൽവേ എന്നിവിടങ്ങളിൽ ജോലി ചെയ്ത കാലഘട്ടങ്ങളും സീരിസിൽ ഉണ്ടാകും.ചിത്രീകരണം ഉടൻ ആരംഭിക്കും.