
ഇസ്‌ലാമാബാദ്: ഇന്ധനവിലക്കയറ്റം രൂക്ഷമായതിനാൽ സ്വകാര്യ വാഹനം ഉപയോഗിക്കാൻ സാധിക്കില്ലെന്നും ജോലിയ്ക്ക് എത്തുന്നതിനായി കഴുതവണ്ടി ഉപയോഗിക്കാൻ അനുമതി നൽകണമെന്നുമാവശ്യപ്പെട്ട് പാകിസ്ഥാനിലെ സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥൻ. ഇസ്‌ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ രാജാ ആസിഫ് ഇഖ്‌ബാൽ ആണ് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) ഡയറക്ടർ ജനറലിന് കത്ത് നൽകിയത്. ഇന്ന് രാവിലെയാണ് സംഭവം.
25 വർഷമായി സിവിൽ ഏവിയേഷൻ വിഭാഗത്തിൽ ജോലി ചെയ്തു വരികയാണ് ആസിഫ്. 'വിലക്കയറ്റം മൂലം സ്ഥാപനം ഗതാഗത സൗകര്യം നിർത്തലാക്കി. ഇന്ധനവില താങ്ങാവുന്നതിലും അധികമായതിനാൽ ദിവസേന സ്വന്തം വാഹനത്തിൽ ജോലിക്കെത്തുക എന്നത് അസാദ്ധ്യമാണ്. അതിനാൽ എന്റെ കഴുതവണ്ടിയിൽ ജോലിക്കെത്താൻ അനുവദിക്കണം'- എന്നായിരുന്നു ആസിഫിന്റെ ആവശ്യം. വിലക്കയറ്റം ദരിദ്രരെ മാത്രമല്ല മദ്ധ്യവർഗ വിഭാഗത്തെയും സാരമായി ബാധിച്ചുവെന്നും ആസിഫ് ആരോപിച്ചു.
എന്നാൽ ആസിഫിന്റെ ആരോപണങ്ങൾ തള്ളിയ സിഎഎയുടെ വക്താവ് സൈഫുള്ള ഖാൻ സ്ഥാപനം എല്ലാ ജീവനക്കാർക്കും ഇന്ധന ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് അറിയിച്ചു. വീട്ടിൽ നിന്ന് കയറ്റിക്കൊണ്ടുപോവുകയും തിരികെക്കൊണ്ടുവിടുകയും ചെയ്യുന്ന സംവിധാനം ജീവനക്കാർക്ക് ലഭ്യമാണ്. ഒരു മെട്രോ സർവീസും അനുവദിച്ചിട്ടുണ്ട്. കത്ത് നൽകിയത് മാദ്ധ്യമശ്രദ്ധയ്ക്ക് വേണ്ടി മാത്രമാണെന്നും സൈഫുള്ള ഖാൻ പറഞ്ഞു.
ഇന്ധനവില ഉയർത്തി ഒരാഴ്ചയ്ക്ക് ശേഷം പാകിസ്ഥാനിൽ ഇന്ന് വീണ്ടും വില ഉയർന്നിരുന്നു. പെട്രോൾ ലിറ്ററിന് 209.86 രൂപയും ഡീസൽ ലിറ്ററിന് 204.15 രൂപയുമാണ് പുതുക്കിയ വില.