women

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ പ്രതികൾ എം.എൽ.എയുടെ മകൻ അടക്കമുള്ള പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികളെന്ന് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് സുഹൃത്തിനൊപ്പം പബ്ബിലെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. പാർട്ടിക്കിടെ,​ പെൺകുട്ടിയുടെ സുഹൃത്ത് മറ്റുചിലർക്കൊപ്പം പോയി. ഒറ്റയ്ക്കായ പെൺകുട്ടിയെ വീട്ടിലാക്കാമെന്ന് വിദ്യാർത്ഥികളടങ്ങിയ അഞ്ചംഗ സംഘം പറഞ്ഞു. ഇത് വിശ്വസിച്ച പെൺകുട്ടി അവരുടെ ബെൻസ് കാറിൽ കയറി. ഹൈദരാബാദ് ജൂബിലി ഹിൽസ് പ്രദേശത്തെത്തിയപ്പോൾ കാർ നിറുത്തിയിട്ട് അഞ്ചംഗ സംഘം പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. ഒരാൾ കാറിൽ കയറുമ്പോൾ മറ്റുള്ളവർ കാറിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നു. എം.എൽ.എയുടെ മകനും സംഘത്തിലുണ്ടായിരുന്നു. എന്നാൽ, പീഡനത്തിനിരയാകുന്നത് കണ്ടതോടെ എം.എൽ.എയുടെ മകൻ ഓടി രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിൽ പലരും ഉന്നത രാഷ്ട്രീയസ്വാധീനമുള്ള കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. പൊലീസ് മാനഭംഗക്കുറ്റത്തിന് പുറമെ, പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

വീട്ടിലെത്തിയ പെൺകുട്ടിയുടെ കഴുത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് പിതാവ് കാര്യം തിരക്കി. പബ്ബിലെ പാർട്ടിക്ക് ശേഷം ചില ആൺകുട്ടികൾ തന്നെ ആക്രമിച്ചതായി പെൺകുട്ടി പറഞ്ഞു. പിതാവ് പൊലീസിൽ പരാതി നൽകിയതോടെ വനിതാ ഒാഫീസർമാർ പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പീഡിപ്പിച്ചവരിൽ ഒരാളെ മാത്രമാണ് പെൺകുട്ടി തിരിച്ചറിഞ്ഞതെന്നും പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പബ്ബിലെ പാർട്ടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതെങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവത്ത അപലപിച്ച ബി.ജെ.പി, പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു. അഞ്ച് പ്രതികളിലൊരാൾ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പാർട്ടി എം.എൽ.എയുടെ മകനാണെന്നും മറ്റൊരാൾ ന്യൂനപക്ഷ ചെയർമാന്റെ മകനാണെന്നും ബി.ജെ.പി ആരോപിച്ചു.