ksrtc

തിരുവനന്തപുരം: ശമ്പളവിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് കെഎസ്‌ആർടി‌സി സിഎം‌ഡി വിളിച്ചുചേർത്ത യോഗം തൊഴിലാളി യൂണിയനുകൾ ബഹിഷ്കരിച്ചു. സിഎംഡി ബിജു പ്രഭാകർ വിളിച്ച യോഗത്തിൽ നിന്നും സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനാപ്രതിനിധികൾ ഇറങ്ങിപ്പോയി.

കെഎസ്‌ആർടിസിയിൽ ശമ്പളം എന്ന് നൽകാൻ സാധിക്കുമെന്ന് കോർപറേഷന് ഇതുവരെ പറയാനായിരുന്നില്ല. ഇതിനിടെയാണ് ഇന്ന് യോഗം വിളിച്ചത്. സർ‌ക്കാരിൽ നിന്ന് പണംവാങ്ങിത്തന്നാൽ ശമ്പളം തരാമെന്ന് സിഎംഡി പറഞ്ഞതായും ഇത് ധിക്കാരമാണെന്നും സിഐടിയു ആരോപിച്ചു. ടിക്കറ്റ് മെഷീൻ വാങ്ങിയതിൽ വലിയ അഴിമതിയാണെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. തിങ്കളാഴ്‌ച മുതൽ എംഡിയുടെ ഓഫീസിനുമുന്നിൽ സമരം നടത്തുമെന്ന് സിഐടിയു അറിയിച്ചു.

ജോലി ചെയ്‌തതിനുള‌ള ശമ്പളം ആദ്യം നൽകണമെന്നും അതുകളിഞ്ഞ് ചർച്ച മതിയെന്ന് ബിഎംഎസ് അറിയിച്ചു. 193 കോടി വരുമാനം ഉണ്ടാക്കിയിട്ട് അതിലെ 78 കോടി ശമ്പളത്തിന് നീക്കിവയ്‌ക്കാനാവാത്തത് കോർപ്പറേഷന്റെ കഴിവുകേടാണെന്ന് ബിഎംഎസ് ആരോപിച്ചു. മാനേജ്‌മെന്റ് മനപ്പൂർവം ശമ്പളം വൈകിപ്പിക്കുകയാണെന്നും എംഡിയുടെ ഓഫീസിനുമുന്നിൽ തിങ്കളാഴ്‌ച മുതൽ രാപ്പകൽ സമരം നടത്തുമെന്നും ഐഎൻടിയുസി നേതാക്കളും വ്യക്തമാക്കി.