covid-kerala

തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ കേരളത്തിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം കൂടാതെ മറ്റ് നാല് സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്. മാസ്ക്, സാമുഹിക അകലം തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കണമെന്ന് കത്തിൽ പറയുന്നു. 11 ജില്ലകളിലെ പ്രതിവാര കേസുകളിൽ വർദ്ധനയുണ്ടായതിൽ ആശങ്കയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ആകമാനമുള്ള കേസുകളും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന കേസുകളുടെ എണ്ണം 4000 ന് മുകളിലെത്തിയത്. കഴിഞ്ഞ ആഴ്ചകളിലെ പ്രതിദിന കേസുകളിൽ 40 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

കേരളവും മഹാരാഷ്ട്രയുമാണ് പ്രതിദിന കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ. മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ പിന്തുടരുന്നതിൽ വീഴ്ച സംഭവിച്ചതാണ് കേസുകൾ കൂടാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

കേരളത്തിൽ ഇന്നലെ 1278 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും അധികം കേസുകളുള്ളത്. 407 കേസുകൾ. ഒരു കൊവിഡ് മരണവും ഇന്നലെ സ്ഥിരീകരിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ സർക്കാർ വീണ്ടും കണക്കുകൾ പുറത്തുവിട്ടത്.