തൃക്കാക്കര സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. മന്ത്രിമാരും എം.എല്‍.എമാരും ഒരേ സ്വരത്തില്‍ അതേറ്റുപാടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കാടടച്ച പ്രചരണം ഒരു ഘട്ടത്തില്‍ പ്രതിപക്ഷ ക്യാമ്പുകളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഇപ്പോഴിതാ അതേ ഇടതുമുന്നണി തന്നെ പറയുന്നു, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലല്ല മറിച്ച് രാഷ്ട്രീയ ദിശ പരിശോധിച്ചതാണെന്ന്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 24 മണിക്കൂറിനകം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പറയുന്നത് ചരിത്ര സംഭവമാണ്. പക്ഷേ, ചരിത്രം മാറ്റിക്കുറിച്ച് യുഡിഎഫ് നേതൃത്വം വാക്കുപാലിച്ചു. തൃക്കാക്കര എംഎല്‍എ ആയിരിക്കെ അന്തരിച്ച പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാര്‍ഥി. ഉമയുടെ സ്ഥാനാര്‍ഥിത്വം നേതൃത്വം നേരത്തേ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഉമയുടെ സ്ഥാനാര്‍ഥിത്വത്തെ പാര്‍ട്ടിയിലെ ഒരു വിഭാഗവും എതിര്‍ക്കില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞിരുന്നു.