kanur-clash

ലക്നൗ: ചാനൽ ചർച്ചയ്ക്കിടെ പ്രവാചനകരെതിരെ ബി ജെ പി നേതാവ് നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ മുസ്ലീം സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കാൺപൂരിൽ സംഘർഷം. പ്രതിഷേധത്തിന്റെ ഭാഗമായി കാൺപൂരിലെ പരേഡ് മാർക്കെറ്റിലെ കടകൾ അടപ്പിക്കാൻ സംഘടന ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഇതിനെ പലരും എതിർത്തതോടെയാണ് സംഘർഷമുണ്ടായത്.

നൂറുകണക്കിന് ആളുകളാണ് തെരുവിൽ ഏറ്റുമുട്ടിയത്. ഇത് ഒടുവിൽ കല്ലേറിൽ കലാശിച്ചു. കല്ലേറിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസിന് നേരെയും കല്ലേറുണ്ടായതായി റിപ്പോർട്ടുണ്ട്. ഇതോടെ പൊലീസ് ലാത്തി വീശി.

സംഭവത്തിൽ പത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ജുമു അ നമസ്കാരത്തിന് ശേഷമാണ് കടകൾ അടപ്പിക്കാനായി മുസ്ലീം സംഘടനയിലെ ചിലർ മാർക്കറ്റിൽ എത്തിയത്. എന്നാൽ കട അടയ്ക്കാൻ ഒരുക്കമല്ലെന്ന് ചിലർ പറഞ്ഞതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. കലാപ സാദ്ധ്യത കണക്കിലെടുത്ത് സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ പ്രദേശത്ത് ശക്തമായ രീതിയിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം ടിവി സംവാദത്തിനിടെ നടത്തിയ പരാമർശത്തിൽ മുസ്ലീം സമുദായത്തിന്റെ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നൂപുർ ശർമ്മയ്ക്കെതിരെ മഹാരാഷ്ട്രയിൽ രണ്ട് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മത വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ടാണ് ഇവർ ചാനൽ ചർച്ചയിൽ പരാമർശം നടത്തിയത്.

പരാമർശത്തിന് പിന്നാലെ ഇവർക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങൾ വഴി അവർക്കെതിരെ വധഭീഷണിയും ഉയരുന്നുണ്ട്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ അവർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.