queen

ലണ്ടൻ : ബ്രിട്ടണിൽ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തി 70 വർഷം തികഞ്ഞതിന്റെ ഭാഗമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ രണ്ടാം ദിനമായ ഇന്നലെ രാജകുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ രാജ്ഞിയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള പ്രത്യേക ദേശീയ താങ്ക്സ്‌ഗീവിംഗ് ചടങ്ങുകൾ ലണ്ടനിലെ സെന്റ് പോൾസ് കതീഡ്രലിൽ നടന്നു. ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് രാജ്ഞി ചടങ്ങുകളിൽ പങ്കെടുത്തില്ല. രാ​ജ​കീ​യ​ ​പ​ദ​വി​ക​ൾ​ ​ഉ​പേ​ക്ഷി​ച്ച് ​യു.​എ​സി​ലേ​ക്ക് ​താ​മ​സം​ ​മാ​റി​യ രാജ്ഞിയുടെ ചെറുമകൻ​ ​ഹാ​രി​യും​ ​ഭാ​ര്യ​ ​മേഗ​നും ഇന്നലത്തെ ചടങ്ങുകളിൽ രാജകുടുംബത്തോടൊപ്പം പങ്കാളികളായി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, മുൻ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയർ, ഡേവിഡ് കാമറോൺ, തെരേസ മേ തുടങ്ങി നിരവധി പേർ പങ്കെടുത്തു. താങ്ക്സ്‌ഗീവിംഗ് ചടങ്ങുകൾക്ക് ശേഷം പള്ളിയിലെ ' ഗ്രേറ്റ് പോൾ ബെൽ" നാല് മണിക്കൂർ തുടർച്ചയായി മുഴങ്ങി. 1882ൽ നിർമ്മിക്കപ്പെട്ട 16 ടണ്ണിലേറെ ഭാരമുള്ള ഗ്രേറ്റ് പോൾ ബെൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പള്ളി മണിയാണ്. അതേ സമയം, ഇന്ന് ബ്രിട്ടീഷ് റോക്ക് ബാൻഡ് ക്വീൻ, ഗായകൻ റോഡ് സ്റ്റിവാർട്ട്, ഡയാന റോസ് തുടങ്ങിയവരുടെ സംഗീത പരിപാടികളും പ്രത്യേക പ്ലാറ്റിനം പാർട്ടിയും ബക്കിംഗ്‌ഹാം പാലസിൽ നടക്കും.