tik-tok

പല പ്രമുഖരെയും വാർത്തെടുത്ത സമൂഹ മാദ്ധ്യമമാണ് ടിക് ടോക്. എന്നാൽ ചൈനയുമായുള്ള രാജ്യത്തിന്റെ അസ്വാരസ്യങ്ങളുടെ ഭാഗമായി ടിക് ടോക് ഉൾപ്പെടെയുള്ള ആപ്പുകളെ കേന്ദ്ര സർക്കാർ നിരോധിച്ചു. ടിക് ടോക് ജീവശ്വാസമായിരുന്ന പലർക്കും അതൊരു വലിയ ഷോക്ക് തന്നെയായിരുന്നു. പലർക്കും ടിക് ടോക് ഇല്ലാതെ ജീവിക്കാനാവില്ല എന്ന അവസ്ഥ വരെ സംജാതമായി. ഈ സത്യം മനസിലാക്കിയതും ആ വിടവ് നികത്താൻ കഴിഞ്ഞതും ഇൻസ്റ്രഗ്രാമിന് മുതൽക്കൂട്ടായി എന്ന് വേണം പറയാൻ.

അങ്ങനെ ടിക് ടോകിന്റെ അസാന്നിദ്ധ്യം മുതലെടുത്തുകൊണ്ട് ഇൻസ്റ്റഗ്രാം റീൽസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ ഇടയിലേക്കെത്തി. അവർ അതിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഇന്ത്യയിൽ മാത്രമാണ് ടിക് ടോക് നിരോധിച്ചതെങ്കിലും റീൽസ് ലോകം മുഴുവൻ ഹിറ്റായി. ടിക് ടോകിന് വലിയൊരു എതിരാളിയായി റീൽസ് വളർന്നു. അതായത് ഇന്ത്യ എന്ന മാർക്കറ്റിൽ നടക്കുന്ന വ്യതിയാനങ്ങൾക്ക് ലോക ക്രമത്തെ തന്നെ മാറ്റാൻ സാധിക്കുമെന്ന് ഇൻസ്റ്റഗ്രാം നമുക്ക് കാണിച്ചുതന്നു.

എന്നാൽ ഇപ്പോൾ അതല്ല വാർത്ത. രണ്ട് വർഷത്തിന് ശേഷം ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം മറികടക്കാനുള്ള ശ്രമങ്ങൾ ടിക് ടോകിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസ് ആരംഭിച്ചതായാണ് വിവരം. വാർത്ത് കേട്ട് ടിക് ടോക് ആരാധകരെല്ലാം ആവേശത്തിലായിരിക്കുകയാണ്.

ഇതിന് മുന്നോടിയായി കമ്പനി തങ്ങളുടെ ജീവനക്കാരെ വീണ്ടും നിയമിക്കുന്നതിന് ശ്രമം തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. ഒരു ഇന്ത്യൻ കമ്പനിയുമായി ചേർന്നുകൊണ്ടായിരിക്കും ഇവർ രാജ്യത്തേക്ക് തിരിച്ചെത്തുക. ഇന്ത്യൻ കമ്പനിയുമായി കൈകോർക്കുന്നതിലൂടെ രാജ്യ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ടിക് ടോക് വിലയിരുത്തുന്നത്.

ഇതിനായി മുംബയ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിരാനന്ദാനി ഗ്രൂപ്പുമായി ടിക് ടോക് ചർച്ചകൾ നടത്തിയെന്നും സൂചനയുണ്ട്. .യോട്ട ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസിന് കീഴിൽ ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനമാണ് ഹിരാനന്ദാനി ഗ്രൂപ്പ്.

രണ്ട് സാദ്ധ്യതകളാണ് കമ്പനിക്ക് മുന്നിലുള്ളത്. ഒന്നുകിൽ ബൈറ്റ് ഡാൻസ് ഹിരാനന്ദാനി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ടെസ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് പ്രവർത്തനം നടത്തുക. അല്ലാത്ത പക്ഷം യോട്ട ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസിന്റെ ഡാറ്റാ സെന്ററുകളിൽ ഡാറ്റ സംഭരിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുക.

ഇതിൽ ഏതായിരിക്കും ബൈറ്റ് ഡാൻസ് തിരഞ്ഞെടുക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ടിക് ടോകിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനയിലെ സെർവറുകളിൽ ശേഖരിക്കാതെ പ്രാദേശികമായി സംഭരിക്കുക എന്നതായിരുന്നു കേന്ദ്രത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇത് അനുസരിച്ചാൽ മാത്രമേ ടിക് ടോകിന് ഇന്ത്യയിലെ പ്രവർത്തനം പുനരാരംഭിക്കാനാവുകയുള്ളു.

tik-tok

നിരോധിക്കുന്നതിന് മുമ്പ് ടിക് ടോകിന് ഇന്ത്യയിൽ കോടിക്കണക്കിന് ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. കൂടാതെ ടിക് ടോക് 2000 ലധികം ഇന്ത്യക്കാർക്ക് ജോലിയും നൽകിയിരുന്നു.

അതേസമയം ടിക് ടോകിന്റെ പകരക്കാരനായി വന്ന ഇൻസ്റ്റഗ്രാം റീൽസിൽ പുതിയ മാറ്റം വരുന്നു. റീലുകളുടെ സമയപരിധിയിലാണ് വ്യത്യാസം വന്നിരിക്കുന്നത്. മുമ്പ് 60 സെക്കൻഡ് മാത്രമായിരുന്ന റീലുകളുടെ ദൈർഘ്യം ഇനി മുതൽ 90 സെക്കൻഡായിരിക്കും. സമയപരിധി ഉയർത്തുന്നത് കൂടുതൽ വീഡിയോകൾ റീൽസിലെത്തിക്കുമെന്നാണ് കമ്പനി കരുതുന്നത്.