rajyasabha

ന്യൂഡൽഹി: വരുന്ന 10 ന് നടക്കാനിരിക്കുന്ന 57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒമ്പത് നേതാക്കൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു. ഇതോടെയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ചിത്രം വ്യക്തമായത്.


കോൺഗ്രസിൽ നിന്നുള്ള വിവേക് തൻഖ, രാജീവ് ശുക്ല, രഞ്ജീത് രഞ്ജൻ, ബി ജെ പിയിലെ സുമിത്ര വാൽമീകി, കവിതാ പതീദാർ ആം ആദ്മി നേതാക്കളായ ബൽബീർ സിംഗ് സീചെവാൾ, വിക്രംജിത് സിംഗ് സാഹ്നി എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പ്രമുഖർ.


കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന നേതാക്കളായ തൻഖ മദ്ധ്യപ്രദേശിൽ നിന്നും, ശുക്ല, രഞ്ജൻ എന്നിവർ ചത്തീസ്ഗഡിൽ നിന്നുമാണ്

രാജ്യസഭയിലേക്കെത്തുന്നത്. അതേസമയം ബിജെപിയുടെ ശബ്ദമായി രാജ്യസഭയിലേക്കെത്തുന്ന സുമിത്ര വാൽമീകിയും കവിതാ പതീദാറും മദ്ധ്യപ്രദേശിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആം ആദ്മി നേതാക്കൾ പഞ്ചാബിനെ പ്രതിനിധീകരിച്ചാണ് രാജ്യസഭയിലെത്തുന്നത്. ഝാർക്കണ്ടിൽ നിന്ന് എതിരില്ലാതെ രണ്ട് പേരാണ് രാജ്യസഭയിലേക്കെത്തിയത്. മുക്തി മോർച്ച സ്ഥാനാർത്ഥി മഹുവ മാജിയും ബിജെപിയുടെ ആദിത്യ സാഹുവും.

യുപിയിൽ 11, മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ആറ്, ബീഹാറിൽ അഞ്ച്, രാജസ്ഥാൻ കർണാടക ആന്ധ്ര എന്നിവിടങ്ങളിൽ നാല്, മധ്യപ്രദേശിലും ഒഡീഷയിലും മൂന്ന്, ഹരിയാന, ജാർഖണ്ഡ്, പഞ്ചാബ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ രണ്ട്, ഉത്തരാഖണ്ഡിൽ ഒന്ന് എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ സീറ്റ് നില.

മഹാരാഷ്ട്രയിൽ ബിജെപി രണ്ട് സീറ്റുകൾ അനായാസം നേടും. ശിവസേന, കോൺഗ്രസ്, എൻസിപി എന്നിവർക്ക് ഓരോ സീറ്റ് വീതം നേടാനാകുമെന്നുമാണ് കണക്കുകൂട്ടുന്നത്.

11 സീറ്റ് ഒഴിവു വരുന്ന യു.പിയിൽ അടക്കം മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പിക്കാണ് മുൻതൂക്കം. 403 അംഗ യു.പി നിയമസഭയിൽ 273 സീറ്റുകളുള്ള ബി.ജെ.പിക്ക് 11 സീറ്റിൽ ഏഴെണ്ണം ഉറപ്പാണ്. ബി.ജെ.പി എട്ടാം സീറ്റിൽ ജയിക്കാതിരിക്കാനുള്ള ചരടുവലികളിലാണ് മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി. മൂന്നെണ്ണത്തിൽ സമാജ്‌വാദി സ്ഥാനാർത്ഥികൾ ജയിക്കും. ഇതിലൊന്നിൽ പാർട്ടി പിന്തുണയോടെ സ്വതന്ത്രനായി മുൻ കോൺഗ്രസ് നേതാവ് കപിൽ സിബലും മറ്റൊരു സീറ്റിൽ ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിയും മത്സരിക്കും. എസ്.പിക്കും സഖ്യകക്ഷികൾക്കും കൂടി നിയമസഭാ 125 സീറ്റുണ്ട്.

ആറ് സീറ്റ് ഒഴിവു വരുന്ന മഹാരാഷ്‌ട്രയിൽ ഭരണമുന്നണിയായ മഹാ വികാസ് അഗാഡിക്ക് മൂന്നെണ്ണം ഉറപ്പാണ്. ബി.ജെ.പി രണ്ടു സീറ്റ് നേടും. തമിഴ്നാട്ടിൽ നിന്നുള്ള ആറ് സീറ്റിൽ നാലെണ്ണം ഡി.എം.കെ മുന്നണിക്കുള്ളതാണ്. ഇതിലൊന്ന് കോൺഗ്രസിന് നൽകും. രണ്ട് സീറ്റിൽ അണ്ണാഡി.എം.കെയും ജയിക്കും.

ബീഹാറിൽ ഒഴിവു വരുന്ന അഞ്ചു സീറ്റിൽ മൂന്നിൽ ജെ.ഡി.യു-ബി.ജെ.പി കക്ഷികളുടെ എൻ.ഡി.എ സഖ്യവും രണ്ടിൽ ആർ.ജെ.ഡിയും ജയിക്കും. കാലാവധി പൂർത്തിയാകുന്നവരിൽ ജെ.ഡി.യു നേതാവും കേന്ദ്ര ഉരുക്ക് മന്ത്രിയുമായ ആർ.പി.സിംഗുമുണ്ട്. ഇദ്ദേഹത്തിന് സീറ്റു നൽകാൻ ജെ.ഡി.യു അദ്ധ്യക്ഷൻ നിതീഷ് കുമാറിന് താത്പര്യമില്ലെന്നാണ് അറിവ്. ലാലു പ്രസാദ് യാദവിന്റെ മകൾ മിർസയും മുതിർന്ന നേതാവ് ഫയാസ് അഹമ്മദുമാണ് ആർ.ജെ.ഡി സ്ഥാനാർത്ഥികൾ. രാജസ്ഥാനിൽ ഒഴിവുവരുന്ന നാലു സീറ്റിൽ രണ്ടെണ്ണം കോൺഗ്രസും ഒന്ന് ബി.ജെ.പിക്കും ലഭിക്കും. നാലാമത്തെ സീറ്റിൽ മത്സരമുണ്ടാകും. ഉറപ്പായ സീറ്റുകളിലൊന്നിൽ കോൺഗ്രസ് ജി 23 നേതാവ് ആനന്ദ് ശർമ്മയെ മത്സരിപ്പിക്കുമെന്ന് കേൾക്കുന്നു.

കർണാടകയിലെ നാലു സീറ്റിൽ രണ്ടെണ്ണം ബി.ജെ.പിയും ഒന്ന് കോൺഗ്രസും നേടും. നാലാമത്തെ സീറ്റിൽ ജെ.ഡി.എസിന്റെ നിലപാട് നിർണായകമാകും. മധ്യപ്രദേശിൽ നിന്ന് ബി.ജെ.പിക്ക് മൂന്നും കോൺഗ്രസിന് ഒന്നും സീറ്റ് ലഭിക്കും. ജി 23 നേതാവ് ഗുലാംനബി ആസാദിനെ കോൺഗ്രസ് മധ്യപ്രദേശിൽ സ്ഥാനാർത്ഥിയാക്കിയേക്കും. ഹരിയാനയിലെ രണ്ടു സീറ്റിൽ ഓരോന്നിലും ബി.ജെ.പിക്കും കോൺഗ്രസിനും ജയസാദ്ധ്യതയുണ്ട്. കോൺഗ്രസിലെ പടലപ്പിണക്കം മുതലെടുത്ത് രണ്ടാമത്തെ സീറ്റും പിടിച്ചെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നു.