
ലോസ്ആഞ്ചലസ് : മാനനഷ്ടക്കേസിൽ ഹോളിവുഡ് നടൻ ജോണി ഡെപ്പിന് അനുകൂലമായി കോടതി വിധിച്ച 1.5 കോടി ഡോളർ നഷ്ടപരിഹാരം മുൻ ഭാര്യയും നടിയുമായ ആംബർ ഹേഡിന് നൽകാനാകില്ലെന്ന് ആംബറിന്റെ അഭിഭാഷക.
ഇത്രയും വലിയ തുക ആംബറിന് നൽകാൻ സാധിക്കില്ലെന്ന് ഒരു മാദ്ധ്യമ അഭിമുഖത്തിനിടെയാണ് അഭിഭാഷക എലേൻ ബ്രെഡെഹോഫ് പറഞ്ഞത്. ആംബർ മേൽ കോടതിയിൽ അപ്പീൽ പോകാൻ സാദ്ധ്യതയുണ്ടെന്നും അവർ സൂചിപ്പിച്ചു.
2018ൽ വാഷിംഗ്ടൺ പോസ്റ്റിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ലേഖനമെഴുതി തന്നെ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടിയാണ് ഡെപ്പ് ആംബറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ആറാഴ്ച നീണ്ട വിചാരണയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഡെപ്പിന് 1.5 കോടി ഡോളർ നൽകാൻ വിധിച്ചത്. അതേ സമയം, ആംബർ തിരിച്ച് ഫയൽ ചെയ്തിരുന്ന മാനനഷ്ടക്കേസുകളിൽ ഒന്നിൽ ഡെപ്പ് ആംബറിന് 20 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിരുന്നു.